ഉത്തര്‍പ്രദേശില്‍ യുവതിയെ കൂട്ടബലാല്സംഗം ചെയ്ത ശേഷം ചുട്ടുകൊന്നു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 35കാരിയായ യുവതിയെ കൂട്ടബലാല്സംഗം ചെയ്ത ശേഷം ചുട്ടുകൊന്നു. സാംബാല് ജില്ലയില് ഇന്നലെ പുലര്ച്ചെയാണ് സംഭവമുണ്ടായത്. അഞ്ചു പേര് ചേര്ന്നാണ് യുവതിയെ ബലാല്സംഗത്തിന് ഇരയാക്കിയത്. വീട്ടിനുള്ളില് അതിക്രമിച്ചു കടന്ന ഇവര് ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ബലാല്സംഗം ചെയ്യുകയായിരുന്നു.
ഇവരുടെ ഭര്‍ത്താവ് സ്ഥലത്തില്ലെന്ന് മനസിലാക്കിയാണ് സംഘം എത്തിയത്. യുവതിക്കൊപ്പം രണ്ട് മക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ബലാല്‍സംഗത്തിനു ശേഷം അക്രമികള്‍ മടങ്ങിയതിനു ശേഷം ഭര്‍ത്താവിനെയും സഹോദരനെ യുവതി ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് മറ്റൊരു ബന്ധുവിനെ വിളിച്ച് വിവരമറിയിച്ചു.
തൊട്ടു പിന്നാലെ അക്രമികള്‍ തിരികെയെത്തുകയും അവശയായിരുന്ന യുവതിയെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വീണ്ടും പീഡിപ്പിക്കുകയും തീകൊളുത്ത് കൊല്ലുകയുമായിരുന്നു. സമീപത്തെ ക്ഷേത്രത്തിന്റെ യാഗശാലയിലാണ് ഇവരെ കൊലപ്പെടുത്തിയത്. അരം സിങ്, മഹാവീര്‍, ചരണ്‍ സിങ്, ഗുല്ലു, കുമാര്‍ പാല്‍ തുടങ്ങിയവരെ പ്രതികളാക്കി പോലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്.
പ്രതികള്‍ ഏതാനും മാസങ്ങളായി യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. യുവതി ബന്ധുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.