സിസേറിയന്‍ ഒഴിവാക്കാനും പാമ്പ് വിഷ ചികിത്സക്കും ഗരുഡ് ഗംഗയിലെ വെള്ളം ഉത്തമമെന്ന് ബിജെപി എംപി
ന്യൂഡല്‍ഹി: ശിവസേന എംപിയുടെ ആയുര്വേദ ചിക്കന് ശേഷം നദീ ജലത്തിന്റെ ഔഷധഗുണം ലോക്സഭയില് വിളമ്പി ബിജെപി എംപി. ഗരുഡ് ഗംഗ നദിയിലെ വെള്ളം ഗര്‍ഭിണികള്‍ക്ക് സുഖപ്രസവം നല്‍കുമെന്നും പാമ്പു വിഷത്തിനുള്ള ചികിത്സക്ക് അത്യുത്തമമാണെന്നും ഉത്തരാഖണ്ഡ് ബിജെപി പ്രസിഡന്റും എംപിയുമായ അജയ് ഭട്ട് ലോക്‌സഭയില്‍ പറഞ്ഞു. ബാഗേശ്വറിലെ ഒരു നദിയാണ് ഗരുഡ് ഗംഗ.
സെന്‍ട്രല്‍ കൗണ്‍സില്‍ അമെന്‍ഡ്‌മെന്റ് (ഹോമിയോപ്പതി) ബില്ലില്‍ നടന്ന ചര്‍ച്ചക്കിടെയാണ് അജയ് ഭട്ട് ഇക്കാര്യം പറഞ്ഞത്. നദിയിലെ ഒരു കപ്പ് വെള്ളം കുടിച്ചാല്‍ ഗര്‍ഭകാല സങ്കീര്‍ണ്ണതകള്‍ മാറുമെന്നും സിസേറിയന്‍ ഒഴിവാക്കാനാകുമെന്നും ഭട്ട് പറഞ്ഞു. ഈ വെള്ളത്തിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലെന്നും നദിയില്‍ നിന്ന് ലഭിക്കുന്ന കല്ലുകള്‍ പാമ്പുകടിയേറ്റ ഭാഗത്ത് ഉരച്ചാല്‍ ജീവന്‍ രക്ഷിക്കാനാകുമെന്നും ഭട്ട് അവകാശപ്പെട്ടു.
നദിയിലെ കല്ലിന്റെ ദിവ്യശക്തി വിവരിക്കാന്‍ ഒരു കഥയും ഭട്ട് പറഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വാമി വിവേകാനന്ദന്‍ ധ്യാനിച്ച സ്ഥലമായ കാക്ദിഘട്ടിലുള്ള ഒരു വീട്ടിലെ എലിക്കെണിയില്‍ പാമ്പ് കുടുങ്ങി. വീട്ടുകാര്‍ പാമ്പിനെ ഭയന്ന് വീട്ടില്‍ കയറിയില്ല. നദിയിലെ കല്ല് കൈവശമുണ്ടായിരുന്ന ഒരാള്‍ പറഞ്ഞത് അനുസരിച്ചപ്പോള്‍ പാമ്പ് കെണിയില്‍ നിന്ന് പുറത്തു വന്നുവെന്നും ഇഴഞ്ഞ് പോകുകയും ചെയ്‌തെന്ന് എംപി പറഞ്ഞു.
ശിവസേന എംപിയായ സഞ്ജയ് റാവത്ത് ചിക്കനും മുട്ടയും വെജിറ്റേറിയനായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയില്‍ ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. താന്‍ ആയുര്‍വേദ ചിക്കന്‍ കഴിച്ചിട്ടുണ്ടെന്നും ആയുര്‍വേദ രീതിയില്‍ തീറ്റ നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ടകള്‍ ഇടുമെന്നും റാവത്ത് പറഞ്ഞിരുന്നു.