നോട്ട് നിരോധനം സാമ്പത്തിക ദുരന്തം; ജിഎസ്ടി വ്യാപാര മേഖലയെ തകര്‍ത്തു; വിമര്‍ശനവുമായി മുന്‍ ബിജെപി മന്ത്രി യശ്വന്ത് സിന്‍ഹ

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില് കേന്ദ്രസര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ച് ബിജെപി നേതാവും വാജ്പേയി മന്ത്രിസഭയില് ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്ഹ. ധനകാര്യമന്ത്രി അരുണ് ജെയ്റ്റ്ലിയെയാണ് സിന്ഹ പ്രധാനമായും വിമര്ശിക്കുന്നത്. ബിജെപിക്കുള്ളിലുള്ള വലിയൊരു ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് താന് പറയുന്നതെന്നും പലരും ഭയം മൂലം നിശബ്ദത പാലിക്കുന്നതാണെന്നും യശ്വന്ത് സിന്ഹ ഇന്ത്യന് എക്സ്പ്രസില് പ്രസിദ്ധീകരിച്ച ലേഖനത്തില് പറയുന്നു. ധനകാര്യമന്ത്രി രാജ്യത്തിന്റെ സമ്പ്ദ് വ്യവസ്ഥയോട് ചെയ്യുന്ന കാര്യങ്ങള് ഇപ്പോളെങ്കിലും പറഞ്ഞില്ലെങ്കില് രാജ്യത്തോടുള്ള കടമ നിറവേറുന്നതില് താന് പരാജയപ്പെടുമെന്നും സിന്ഹ വ്യക്തമാക്കുന്നു.
 | 

നോട്ട് നിരോധനം സാമ്പത്തിക ദുരന്തം; ജിഎസ്ടി വ്യാപാര മേഖലയെ തകര്‍ത്തു; വിമര്‍ശനവുമായി മുന്‍ ബിജെപി മന്ത്രി യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവും വാജ്‌പേയി മന്ത്രിസഭയില്‍ ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയാണ് സിന്‍ഹ പ്രധാനമായും വിമര്‍ശിക്കുന്നത്. ബിജെപിക്കുള്ളിലുള്ള വലിയൊരു ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് താന്‍ പറയുന്നതെന്നും പലരും ഭയം മൂലം നിശബ്ദത പാലിക്കുന്നതാണെന്നും യശ്വന്ത് സിന്‍ഹ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ധനകാര്യമന്ത്രി രാജ്യത്തിന്റെ സമ്പ്ദ് വ്യവസ്ഥയോട് ചെയ്യുന്ന കാര്യങ്ങള്‍ ഇപ്പോളെങ്കിലും പറഞ്ഞില്ലെങ്കില്‍ രാജ്യത്തോടുള്ള കടമ നിറവേറുന്നതില്‍ താന്‍ പരാജയപ്പെടുമെന്നും സിന്‍ഹ വ്യക്തമാക്കുന്നു. താന്‍ ദാരിദ്ര്യം നേരിട്ട് കണ്ടിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അത് എല്ലാ ഇന്ത്യക്കാരും അനുഭവിക്കാനാണ് ധനമന്ത്രി കഠിനാധ്വാനം ചെയ്യുന്നതെന്നും സിന്‍ഹ പരിഹസിക്കുന്നു.

ലേഖനം പറയുന്നത് ഇങ്ങനെ

അരുണ്‍ ജെയ്റ്റ്‌ലി ഈ സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രിയായാണ് കണക്കാക്കപ്പെടുന്നത്. പുതിയ സര്‍ക്കാരില്‍ ജെയ്റ്റ്‌ലി തന്നെയായിരിക്കും ധനകാര്യം കൈകാര്യം ചെയ്യുകയെന്നത് 2014 തെരഞ്ഞെടുപ്പിനു മുമ്പുതന്നെ തീരുമാനിച്ചിരുന്നതാണ്. അമൃത്‌സറില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിട്ടും ആ തീരുമാനത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടു പോയില്ല. ജസ്വന്ത് സിങ്ങിനെയും പ്രമോദ് മഹാജനെയും ഇത്തരം സാഹചര്യത്തില്‍ മന്ത്രിമാരാക്കാന്‍ കഴിയില്ലെന്ന് 1998ല്‍ അടല്‍ ബിഹാരി വാജ്‌പേയി തീരുമാനിച്ചത് സ്മരണീയമാണ്. അദ്ദേഹത്തിന്റെ അടുത്ത അനുയായികളായിരുന്നു അവര്‍.

ജെയ്റ്റ്‌ലിയെ ഒഴിവാക്കാന്‍ കഴിയില്ലായിരുന്നു എന്നതിന് തെളിവാണ് അദ്ദേഹത്തിന് ധനകാര്യത്തിനൊപ്പം ഓഹരി വിറ്റഴിക്കല്‍ മന്ത്രാലയം, പ്രതിരോധം, കോര്‍പറേറ്റ് അഫയേഴ്‌സ് എന്നിവ കൂടി നല്‍കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്. ഞാന്‍ ധനകാര്യം കൈകാര്യം ചെയ്തിട്ടുള്ളയാളാണ്. അതിന്റെ ബുദ്ധിമുട്ടുകള്‍ എനിക്ക് നന്നായി അറിയാം. ശരിയായി ജോലി ചെയ്താല്‍പ്പോലും പ്രശ്‌നങ്ങളില്ലാത്ത സമയത്ത് പൂര്‍ണ്ണ ശ്രദ്ധ ആവശ്യപ്പെടുന്ന വകുപ്പാണ് അത്. പ്രതിസന്ധികളുടെ കാലത്ത് 24 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരും. അതായത് സൂപ്പര്‍മാനായ ജെയ്റ്റ്‌ലിക്കു പോലും ഈ മന്ത്രാലയത്തോട് നീതിപുലര്‍ത്താന്‍ കഴിയില്ലെന്ന് സാരം.

ഉദാരവല്‍ക്കരണത്തിനു ശേഷമുള്ള കാലത്തെ ഏറ്റവും ഭാഗ്യവാനായ ധനകാര്യമന്ത്രിയായാണ് ജെയ്റ്റ്‌ലി ജോലി തുടങ്ങുന്നത്. ക്രൂഡ്ഓയില്‍ വില ഏറ്റവും കുറഞ്ഞ ഈ സമയത്ത് ഖജനാവിലേക്ക് ഒഴുകിയത് കോടികളായിരുന്നു. ഇത് ഏറ്റവും ഭാവനാശൂന്യമായി കൈകാര്യം ചെയ്തു എന്നതാണ് വാസ്തവം. നേരത്തേതന്നെ കുഴപ്പത്തിലായിരുന്ന സമ്പദ് വ്യവസ്ഥയെ ഈ നടപടികള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് നയിച്ചു. ഇപ്പോള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ചിത്രം എന്താണ്?

ദശകങ്ങള്‍ക്കിടെ ഉണ്ടാകാത്ത വിധത്തില്‍ സ്വകാര്യ നിക്ഷേപം ചുരുങ്ങി, വ്യാവസായികോദ്പാദനം തകര്‍ന്നു, കൃഷി പ്രതിസന്ധിയിലായി. ഏറ്റവും വലിയ തൊഴില്‍ദാതാവായ കെട്ടിടനിര്‍മാണ മേഖല ഇപ്പോള്‍ സ്തംഭനാവസ്ഥയിലാണ്. സേവനമേഖലയില്‍ മാന്ദ്യമാണ് കാണാനാകുന്നത്. കയറ്റുമതി ക്ഷയിച്ചു. സമ്പദ് വ്യവസ്ഥയുടെ ഓരോ മേഖലയും പ്രതിസന്ധിയെ നേരിടുന്നു. നോട്ട് നിരോധനം പരിഹാരം സാധ്യമല്ലാത്ത സാമ്പത്തിക ദുരന്തമായി പരിണമിച്ചു. തയ്യാറെടുപ്പുകളില്ലാതെ നടപ്പിലാക്കിയ ജിഎസ്ടി വ്യാപാരമേഖലയെ നിലയില്ലാക്കയത്തിലാക്കി. ലക്ഷക്കണക്കിനാളുകള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. തൊഴില്‍ വിപണിയിലേക്ക് എത്തുന്നവര്‍ക്കായി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതുമില്ല.

ഓരോ പാദങ്ങളിലും സാമ്പത്തിക വളര്‍ച്ച കൂപ്പുകുത്തുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 5.7 ശതമാനമാണ് ജിഡിപി. മൂന്നു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ കൂപ്പുകുത്തലിന് കാരണം നോട്ട് നിരോധനമല്ലെന്നാണ് സര്‍ക്കാര്‍ വക്താക്കള്‍ പറയുന്നത്. ശരിയാണ്. സമ്പദ് വ്യവസ്ഥയുടെ താഴോട്ടുള്ള പ്രയാണം നേരത്തേ ആരംഭിച്ചിരുന്നു. അതിന് എണ്ണയൊഴിച്ചു കൊടുക്കുകയായിരുന്നു നോട്ട് നിരോധനം. ഈ സര്‍ക്കാര്‍ ജിഡിപി നിര്‍ണ്ണയിക്കുന്ന രീതി 2015ല്‍ പുനര്‍നിര്‍ണ്ണയിച്ചിരുന്നു. പഴയ രീതിയനുസരിച്ചായിരുന്നെങ്കില്‍ 3.7 ശതമാനമായിരിക്കും രാജ്യത്തിന്റെ ജിഡിപി.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ പോലും മുമ്പില്ലാത്ത വിധം വ്യക്തതയോടെ ഈ സാമ്പത്തിക മാന്ദ്യം ക്ഷണികമാേ സാങ്കേതികമോ അല്ലെന്ന് പറഞ്ഞുകഴിഞ്ഞു. മാന്ദ്യം നിലനില്‍ക്കുമെന്ന് തന്നെയാണ് വ്യക്തമാക്കപ്പെടുന്നത്. ടെലകോം ആണ് പ്രതിസന്ധിയിലാകാന്‍ പോകുന്ന ഏറ്റവും പുതിയ മേഖലയെന്ന് എസ്ബിഐ ചെയര്‍മാന്‍ പറയുന്നു. ഈ തകര്‍ച്ചയുടെകാരണങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതല്ല. അവ കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുകയും ഇപ്പോള്‍ വലിയ പ്രതിസന്ധിയില്‍ കലാശിക്കുകയുമായിരുന്നു. അവയെ തിരിച്ചറിയാനും കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടില്ലായിരുന്നു. എന്നാല്‍ അതിന് സമയം ചെലവഴിക്കാനും ഗൗരവമായി ചിന്തിക്കാനും മനസിലാക്കി പരിഹാരങ്ങള്‍ കണ്ടെത്താനും കഴിയണമായിരുന്നു. മറ്റ് ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്ന ഒരാളില്‍ നിന്ന് ഇത് പ്രതീക്ഷിക്കാന്‍ കഴിയില്ല. അതിന്റെ ഫലമാണ് ഇപ്പോള്‍ നാം കാണുന്നത്.

പ്രധാനമന്ത്രി ഇപ്പോള്‍ ആശങ്കയിലാണ്. അദ്ദേഹവും ധനമന്ത്രിയും ഉദ്യോഗസ്ഥരുമായുള്ള യോഗം അനന്തമായി മാറ്റിവെക്കപ്പെടുന്നു. വളര്‍ച്ച തിരികെപ്പിടിക്കാന്‍ പാക്കേജ് തയ്യാറാക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. അതിനായി നാമെല്ലാവരും കാത്തിരിക്കുകയാണെങ്കിവും ഇതുവരെ വന്നിട്ടില്ല. ആകെ വന്ന മാറ്റം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി പുനസംഘടിപ്പിച്ചത് മാത്രമാണ്. പുതിയ മഹാഭാരതയുദ്ധം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന പഞ്ചപാണ്ഡവരാണ് അവര്‍.

സമ്പദ് വ്യവസ്ഥകള്‍ നിര്‍മിക്കുന്നതിലും വേഗത്തില്‍ അവയെ നശിപ്പിക്കാന്‍ കഴിയും. 1998ല്‍ കഠിനാധ്വാനത്തിലൂടെയാണ് സമ്പദ് വ്യവസ്ഥയെ വാജ്‌പേയി സര്‍ക്കാര്‍ വളര്‍ച്ചയിലെത്തിച്ചത്. ഒരുരാത്രികൊണ്ട് സമ്പദ് വ്യവസ്ഥയെ പുനരുദ്ധരിക്കാനുള്ള മാന്ത്രികവടിയൊന്നും ആരുടെയും കയ്യിലില്ല. ഇപ്പോള്‍ എടുത്തിരിക്കുന്ന നടപടികള്‍ക്ക് ഫലം കാണണമെങ്കില്‍ സമയം വേണ്ടിവരും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പു സമയത്ത് ഫലമുണ്ടാകുമെന്നത് പ്രതീക്ഷിക്കാനാകില്ല. ഭോഷ്‌കിനും വീമ്പിനും അധികം ആയുസ്സുണ്ടാകില്ല. അത് യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ ആവിയായിപ്പോകും. താന്‍ ദാരിദ്ര്യം നേരിട്ട് കണ്ടിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അത് എല്ലാ ഇന്ത്യക്കാരും അനുഭവിക്കാനാണ് ധനമന്ത്രി കഠിനാധ്വാനം ചെയ്യുന്നത്.