കോൺഗ്രസ് ബന്ധം; സിപിഎമ്മിൽ യച്ചൂരിക്ക് തിരിച്ചടി; കാരാട്ടിന് കേരളത്തിന്റെ പിന്തുണ
കൊൽക്കത്ത∙ കോൺഗ്രസ് ബന്ധം സംബന്ധിച്ച നിലപാടിൽ സീതാറാം യെച്ചൂരിയുടെ നിലപാടിന് സിപിഎമ്മിൽ തിരിച്ചടി. കോൺഗ്രസുമായി ധാരണ പോലും പാടില്ലെന്ന കാരാട്ടിന്റെ നിലപാട് പാർട്ടി വോട്ടിനിട്ട് സ്വീകരിച്ചു. ജനറൽ സെക്രട്ടറിയായ യെച്ചൂരിയുടെ നിലപാടാണ് പാർട്ടി തള്ളിയത്. കാരാട്ട് അവതരിപ്പിച്ച രേഖയെ 55 അംഗങ്ങൾ പിന്തുണച്ചപ്പോൾ യച്ചൂരിക്ക് 31 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.
കേന്ദ്ര കമ്മിറ്റി യോഗത്തിൽ കേരളം പ്രകാശ് കാരാട്ടിന്റെ നിലപാടിന് അനുകൂലമായാണ് വോട്ട് ചെയ്തത്. തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടി കോൺഗ്രസ് പരിഗണിക്കുന്ന രാഷ്ട്രീയ പ്രമേയത്തിൽ പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രൻ പിള്ളയും ചേർന്ന് തയ്യാറാക്കിയ നയം ഉൾപ്പെടുത്തും.
കോൺഗ്രസുമായി സഖ്യവും മുന്നണിയും പാടില്ലാത്തപ്പോഴും, ബിജെപിയെ താഴെയിറക്കാൻ ധാരണയ്ക്കുള്ള സാധ്യതകൾ തുറന്നിടണം എന്നതായിരുന്നു യച്ചൂരിയുടെ നിലപാട്. എന്നാൽ, ബിജെപിയാണ് മുഖ്യ ശത്രുവെങ്കിലും കോൺഗ്രസുമായി ധാരണ പോലും പാടില്ലെന്ന് കാരാട്ട പക്ഷവും വാദിച്ചു. യെച്ചൂരിയുടെ നിലപാട് വോട്ടിനിട്ട് തള്ളിയെങ്കിലും പാർട്ടി കോൺഗ്രസിലും ഈ വിഷയം ചർച്ചയായേക്കുമെന്ന് സൂചനയുണ്ട്.