പുറത്തുവിട്ട രേഖകള് വ്യാജമെന്ന് ബി.ജെ.പി; ചൗകിദാര്‍ ഉത്തരം പറയണമെന്ന് രാഹുല്‍
ന്യൂഡല്‍ഹി: കര്‍ണാടക മുന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ബി.ജെ.പി നേതാക്കള്ക്ക് 1800 കോടി രൂപ കൈമാറിയെന്നാരോപിച്ച് കാരവന് മാഗസിന് പുറത്തുവിട്ട രേഖകള് വ്യാജമെന്ന് ബി.ജെ.പി. തങ്ങളുടെ ട്വിറ്റര് പേജിലൂടെയാണ് ബി.ജെ.പി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യെദ്യുരപ്പയുടെ യഥാര്ത്ഥ കയ്യക്ഷരവും ഒപ്പും ഡയറിയുടെ ചിത്രങ്ങളും കര്ണാടക ബിജെപി ട്വിറ്റര് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില് ചൗകിദാര് ഉത്തരം പറയണമെന്ന് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി ആവശ്യപ്പെട്ടു.
ആദായ നികുതി വകുപ്പിന്റെ പക്കലുണ്ടായിരുന്ന യെദ്യൂരപ്പയുടെ കൈപ്പടയില്‍ എഴുതിയ ഡയറിയിലാണ് 1800 കോടി രൂപ ബിജെ.പി നേതാക്കള്‍ക്ക് കൈമാറിയത് സംബന്ധിച്ച കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യെദ്യൂരപ്പ ഒപ്പിട്ട് സൂക്ഷിച്ചിരുന്ന ഈ രേഖകള്‍ 2017 മുതല്‍ ആദായ നികുതി വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയാകാന്‍ വേണ്ടിയാണ് ഇത്രയധികം രൂപ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് യെദ്യൂരപ്പ കൈക്കൂലി നല്‍കിയതെന്നാണ് രേഖകളില്‍ വ്യക്തമാകുന്നത്. എന്നാല്‍ ആദായ നികുതി വകുപ്പിന്റെ പക്കല്‍ ഈ രേഖകള്‍ എങ്ങനെ വന്നുവെന്നതിനെക്കുറിച്ച് കൃത്യമായി വിവരം ലഭിച്ചിട്ടില്ല.
Randeep Surjewala just wasted good amount of media personals time talking absolute nonsense & releasing fake diary written & scripted by Congress themselves
Handwriting & the signature on the dairy released by @INCIndia is as fake as the diary itself.
Here is the proof pic.twitter.com/tVjxnQHyfN
— BJP Karnataka (@BJP4Karnataka) March 22, 2019
2017ല്‍ നടത്തിയ റെയ്ഡിനിടെയാണ് ഡയറി പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇത്രയും കാലം വിഷയത്തില്‍ നടപടിയെടുക്കാന്‍ എന്തുകൊണ്ട് ആദായനികുതി വകുപ്പ് തയ്യാറായില്ലെന്ന് ചോദ്യങ്ങളുയരുന്നുണ്ട്. വിവിധ കേസുകള്‍ക്കായി ജഡ്ജിമാര്‍ക്ക് 250 കോടി രൂപ നല്‍കിയെന്നും ഡയറിയില്‍ പറയുന്നു എന്നാല്‍ ഏതെല്ലാം കേസുകള്‍ക്ക് വേണ്ടിയാണ് പണം കൈമാറിയതെന്നോ ഏതെല്ലാം ജഡ്ജിമാര്‍ക്കാണ് പണം നല്‍കിയതെന്നോ വ്യക്തമാക്കിയിട്ടില്ല.
നിതിന്‍ ഗഡ്കരിക്കും അരുണ്‍ ജെയ്റ്റ്‌ലിക്കും 150 കോടി വീതം നല്‍കി. ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് യെദ്യൂരപ്പ 10 കോടി നല്‍കി. രാജ്നാഥ് സിംഗിന് നല്‍കിയത് 100 കോടിയെന്നും ഡയറിയിലെ കുറിപ്പുകള്‍ വ്യക്തമാക്കുന്നു. അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി നല്‍കി. ജഡ്ജിമാര്‍ക്ക് 500 കോടി നല്‍കിയെന്നും യെദ്യൂരപ്പയുടെ ഡയറിയില്‍ വിശദമാക്കുന്നു.