കര്‍ണാടകയില്‍ ബിജെപി അധികാരത്തിലേക്ക്? 6 മണിക്ക് സത്യപ്രതിജ്ഞയെന്ന് യെദിയൂരപ്പ

കര്ണാടകയില് ബിജെപി അധികാരത്തിലേക്കെന്ന് സൂചന.
 | 
കര്‍ണാടകയില്‍ ബിജെപി അധികാരത്തിലേക്ക്? 6 മണിക്ക് സത്യപ്രതിജ്ഞയെന്ന് യെദിയൂരപ്പ

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി അധികാരത്തിലേക്കെന്ന് സൂചന. മന്ത്രിസഭ രൂപീകരിക്കുന്നതിനായി ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട് യെദിയൂരപ്പ അവകാശവാദം ഉന്നയിച്ചു. ആറ് മണിക്ക് താന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് യെദിയൂരപ്പ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണോ സര്‍ക്കാര്‍ രൂപീകരിക്കണോ എന്ന വിഷയത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് അപ്രതീക്ഷിതമായാണ് യെദിയൂരപ്പ സത്യപ്രതിജ്ഞാ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

12.30ന് സത്യപ്രതിജ്ഞ നടത്തണമെന്നാണ് ഗവര്‍ണറോട് യെദിയൂരപ്പ ആവശ്യപ്പെട്ടത്. എന്നാല്‍ ആറ് മണിക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവായതിനാല്‍ തനിക്ക് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കേണ്ട ആവശ്യമില്ലെന്നും യെദിയൂരപ്പ അവകാശപ്പെട്ടു. നിലവില്‍ വിമത എംഎല്‍എമാരുടെ അയോഗ്യതാ നടപടികളില്‍ സ്പീക്കര്‍ തീരുമാനം എടുത്തു വരികയാണ്. ഇത് കൂടി പരിഗണിച്ച് മതി സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്നായിരുന്നു ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്.

ഇന്നലെ വൈകിട്ട് മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. കോണ്‍ഗ്രസ് വിമത എംഎല്‍എമാരായ രമേഷ് ജര്‍ക്കിഹോളി, മഹേഷ് കുമത്തഹള്ളി, സ്വതന്ത്രനായ ആര്‍.ശങ്കര്‍ എന്നിവരെയാണ് അയോഗ്യരാക്കിയത്. ഇവര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്.