മുസ്ലീം ലീഗ് വൈറസ്; കോണ്‍ഗ്രസിനെയും ലീഗിനെയും അധിക്ഷേപിച്ച് യോഗി ആദിത്യനാഥ്

കോണ്ഗ്രസിനെയും മുസ്ലീം ലീഗിനെയും അധിക്ഷേപിച്ച് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
 | 
മുസ്ലീം ലീഗ് വൈറസ്; കോണ്‍ഗ്രസിനെയും ലീഗിനെയും അധിക്ഷേപിച്ച് യോഗി ആദിത്യനാഥ്

ലഖ്‌നൗ: കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും അധിക്ഷേപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലീം ലീഗ് വൈറസാണെന്ന് ആദിത്യനാഥ് പറഞ്ഞു. കോണ്‍ഗ്രസിനെ ഈ വൈറസ് ബാധിച്ചിരിക്കുകയാണ്. ഇത് രാജ്യമാകെ വ്യാപിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. വൈറസ് ബാധിച്ചവര്‍ അതിനെ അതിജീവിക്കാറില്ലെന്നും കോണ്‍ഗ്രസ് വിജയിച്ചാല്‍ അവരെ ബാധിച്ച വൈറസ് ഇന്ത്യ മുഴുവന്‍ വ്യാപിക്കുമെന്നാണ് ആദിത്യനാഥ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞത്.

മുസ്ലിം ലീഗ് ഒരു വൈറസാണ്. വൈറസ് ബാധിച്ചവര്‍ അതിനെ അതിജീവിക്കാറില്ല. പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ആ വൈറസ് ഇപ്പോള്‍ത്തന്നെ ബാധിച്ചിരിക്കുന്നു. കോണ്‍ഗ്രസ് വിജയിച്ചാല്‍ അവരെ ബാധിച്ച വൈറസ് ഇന്ത്യ മുഴുവന്‍ വ്യാപിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. 1857ല്‍ നടന്ന സ്വാതന്ത്ര്യ സമരത്തില്‍ രാജ്യം മുഴുവന്‍ മംഗള്‍ പാണ്ഡേയ്ക്കൊപ്പം നിന്ന് പോരാടി. എന്നാല്‍ അതിനു ശേഷം മുസ്ലിം ലീഗ് എന്ന വൈറസ് രാജ്യം മുഴുവന്‍ വ്യാപിക്കുകയും രാജ്യത്തിന്റെ വിഭജനത്തിനുവരെ കാരണമാകുകയും ചെയ്തു.

ഇതേ ഭീഷണിയാണ് മുസ്ലിം ലീഗ് ഇപ്പോള്‍ രാജ്യമെമ്പാടും ഉയര്‍ത്തുന്നതെന്നും ലീഗിന്റെ പതാക വീണ്ടും ഉയര്‍ന്നു പറക്കുകയാണെന്നും ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചു. മുസ്ലീം ലീഗിന് പ്രാമുഖ്യമുള്ള വയനാട് മണ്ഡലത്തിലാണ് രാഹുല്‍ ഗാന്ധി ജനവിധി തേടുന്നത്. മുസ്ലീം ലീഗിന്റെ പച്ച നിറത്തിലുള്ള പതാക പാകിസ്ഥാന്‍ പതാകയാണെന്ന പ്രചാരണം പലയിടത്തും സംഘപരിവാര്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.