ബുലന്ദ്ശഹര്‍ കലാപത്തില്‍ കൊല്ലപ്പെട്ടത് കലാപത്തില്‍ പങ്കെടുത്ത യുവാവ്; ദൃശ്യങ്ങള്‍ പുറത്ത്

ബുലന്ദ്ശഹര്‍: ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹറില്‍ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട രണ്ടാമത്തെയാള്‍ കലാപത്തില്‍ പങ്കെടുത്ത യുവാവ്. ഇയാള്‍ പോലീസിനെ കല്ലെറിയുന്നതിന്റെയും വെടിയേറ്റ് രക്തമൊലിക്കുന്ന നിലയില്‍ ഇയാളെ ഒപ്പമുള്ളവര്‍ താങ്ങിയെടുത്തു കൊണ്ടുവരുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നു. സുമിത് കുമാര്‍ എന്ന ഇരുപതുകാരനായ യുവാവാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. ഇയാള്‍ ആക്രമണത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും കാഴ്ചക്കാരനായി മാറി നില്ക്കുകയായിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ആക്രോശിച്ചു കൊണ്ട് പോലീസിനെ കല്ലെറിയുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
കല്ലേറില്‍ പരിക്കേറ്റ സുബോധ് കുമാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പിന്തുടര്ന്നെത്തിയ അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ദാദ്രിയില്‍ അഖ്ലാഖിനെ പശുഹത്യയാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ അന്വേഷണം നടത്തുകയും പ്രതികള്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ കണ്ടെത്തുകയും ചെയ്ത ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട സുബോധ് കുമാര്‍ സിങ്. സുബോധിനെ വെടിവെക്കാനായി തോക്ക് എടുക്കൂ എന്ന് അക്രമികള്‍ വിളിച്ചു പറയുന്നതും മറ്റും വീഡിയോയില്‍ കേള്‍ക്കാം.
പ്രദേശത്തെ കരിമ്പു പാടത്ത് പശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് കലാപം ആരംഭിച്ചത്. രാവിലെ 7 മണിക്ക് പാടത്തു നിന്ന് 25 പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് അജ്ഞാത നമ്പറില്‍ നിന്ന് തന്റെ ഭര്‍ത്താവിന് കോള്‍ വന്നുവെന്ന് കൃഷിസ്ഥലത്തിന്റെ ഉടമയായ രാജകുമാര്‍ ചൗധരിയുടെ ഭാര്യ പ്രീതി പറഞ്ഞു. പശുക്കളുടെ തല കയറില്‍ കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടതെന്നും അരമണിക്കൂറിനകം വലിയ ആള്‍ക്കൂട്ടം സ്ഥലത്തെത്തിയെന്നും അവര്‍ വ്യക്തമാക്കി.
സുബോധ് കുമാറിനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. സുബോധ് കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ പോലീസ് ഡ്രൈവറുടെ മൊഴിയും കൊലപാതകം ആസൂത്രിതമാണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.