”അത് വല്ലാതെ വേദനിപ്പിച്ചു”; മനസ് തുറന്ന് സൊമാറ്റോ ഡെലിവറി ബോയ്

ന്യൂഡല്‍ഹി: ഡെലിവറിക്കെത്തിയയാള്‍ ഹിന്ദുവല്ലെന്നതിന്റെ പേരില് ഓര്ഡര് റദ്ദാക്കിയ സംഭവത്തില് ആദ്യമായി പ്രതികരിച്ച് അപമാനിക്കപ്പെട്ട ഡെലിവറി ബോയ്. ആ സംഭവം വേദനിപ്പിച്ചു, പാവപ്പെട്ടവരാണ് തങ്ങള്‍, എന്ത് ചെയ്യാനാവും എന്നായിരുന്നു ഡെലിവറി ബോയ് ആയ ഫയാസ് പ്രതികരിച്ചത്. ജബല്‍പൂര്‍ സ്വദേശിയായ അമിത് ശുക്ലയെന്ന ആളാണ് ഡെലിവറിക്ക് മുസ്ലീം വിഭാഗത്തിലുള്ളയാളെ നിയോഗിച്ചതില്‍ പ്രതിഷേധിച്ച് ഓര്‍ഡര്‍ റദ്ദാക്കിയത്. ഇതിന് ശേഷം ഇയാള്‍ ട്വിറ്ററിലിട്ട വര്‍ഗ്ഗീയ പോസ്റ്റിന് സൊമാറ്റോ മറുപടി നല്‍കിയിരുന്നു. ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണം തന്നെയാണ് മതമെന്നുമായിരുന്നു മറുപടി.
ഓര്‍ഡര്‍ ലഭിച്ചപ്പോള്‍ എവിടെയാണ് ഭക്ഷണം എത്തിക്കേണ്ടതെന്ന് വിളിച്ച് ചോദിച്ചു. എന്നാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തു എന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്ന് ഫയാസ് വിശദീകരിച്ചു. സംഭവിച്ച കാര്യങ്ങളില്‍ വിഷമമുണ്ട്. എങ്കിലും ഞങ്ങള്‍ പാവപ്പെട്ടവരല്ലേ, സഹിച്ചല്ലേ പറ്റൂ എന്നായിരുന്നു ഫയാസിന്റെ പ്രതികരണം. സംഭവത്തില്‍ സൊമാറ്റോ തലവന്‍ ദീപിന്ദര്‍ ഗോയല്‍ വളരെ ശക്തമായാണ് പ്രതികരിച്ചത്. ഞങ്ങളുടെ മൂല്യങ്ങള്‍ പിന്തുടരാത്തവരുടെ ഓര്‍ഡറുകള്‍ നഷ്ടമാകുന്നതില്‍ വിഷമമില്ലെന്ന് അദ്ദേഹം പറഞ്ഞു.
പണ്ഡിറ്റ് അമിത് ശുക്ല എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ഡെലിവറി ബോയ് അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ റദ്ദാക്കിയെന്ന ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. നമോ സര്‍ക്കാര്‍ എന്നായിരുന്നു ഈ ട്വിറ്റര്‍ ഹാന്‍ഡിലിലെ ബയോ. സൊമാറ്റോയുടെ കസ്റ്റമര്‍ കെയറുമായി ഇയാള്‍ നടത്തിയ സംഭാഷണങ്ങളടക്കം അമിത് ശുക്ല പിന്നീട് പുറത്തു വിട്ടിരുന്നു. സംഭവത്തില്‍ സൊമാറ്റോയെ പിന്തുണച്ച് ഊബര്‍ ഈറ്റ്‌സ് രംഗത്തെത്തിയിരുന്നു. ഞങ്ങളുണ്ട് നിങ്ങള്‍ക്കൊപ്പമെന്നായിരുന്നു ഊബര്‍ അറിയിച്ചത്.