ഓര്‍ഡര്‍ ചെയ്ത പനീറിന് പകരം ചിക്കന്‍ കറി നല്‍കി; സൊമാറ്റോയ്ക്കും ഹോട്ടലിനും 55,000 രൂപ പിഴ

ഓണ്ലൈന് ഫുഡ് ഡെലിവറി സര്വീസായ സൊമാറ്റോയ്ക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി.
 | 
ഓര്‍ഡര്‍ ചെയ്ത പനീറിന് പകരം ചിക്കന്‍ കറി നല്‍കി; സൊമാറ്റോയ്ക്കും ഹോട്ടലിനും 55,000 രൂപ പിഴ

പൂനെ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസായ സൊമാറ്റോയ്ക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി. ഓര്‍ഡര്‍ ചെയ്ത വെജിറ്റേറിയന്‍ ഭക്ഷണത്തിന് പകരം ചിക്കന്‍ കറി നല്‍കിയതിനാണ് കോടതി ശിക്ഷ നല്‍കിയത്. ഭക്ഷണം നല്‍കിയ ഹോട്ടലിനും പിഴശിക്ഷ നല്‍കിട്ടുണ്ട്. പൂനെ സ്വദേശിയായ ഷണ്‍മുഖ് ദേശ്മുഖ് എന്ന അഭിഭാഷകനാണ് പരാതിക്കാരന്‍. 45 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരമായി 55,000 രൂപ ഷണ്‍മുഖിന് നല്‍കണമെന്ന് ഉപഭോക്തൃ കോടതി ആവശ്യപ്പെട്ടു.

രണ്ട് തവണ പിഴവ് ആവര്‍ത്തിച്ചതോടെയാണ് സൊമാറ്റോക്കെതിരെ പരാതി നല്‍കിയതെന്നാണ് ഷണ്‍മുഖ് വ്യക്തമാക്കിയത്. പനീര്‍ ബട്ടര്‍ മസാലയാണ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ സൊമാറ്റോ തനിക്ക് നല്‍കിയത് ചിക്കന്‍ കറി. രണ്ടും കാഴ്ചയില്‍ ഒരുപോലെയായതിനാല്‍ തനിക്ക് ആദ്യം മനസിലായില്ല. കഴിച്ചപ്പോഴാണ് ഇത് ചിക്കന്‍ കറിയാണെന്ന് മനസിലായതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്താനാണ് അഭിഭാഷകന്‍ പരാതി നല്‍കിയതെന്നായിരുന്നു സൊമാറ്റോയുടെ വാദം. ഡെലിവറി തെറ്റിയെന്ന് മനസിലായപ്പോള്‍ തങ്ങള്‍ പണം തിരികെ നല്‍കിയിരുന്നുവെന്നും കമ്പനി പറഞ്ഞു. ഭക്ഷണം നല്‍കിയ ഹോട്ടലാണ് കുറ്റക്കാരെന്നും അവരാണ് ഭക്ഷണം തെറ്റിച്ച് നല്‍കിയതെന്നും സൊമാറ്റോ വാദിച്ചെങ്കിലും ഹോട്ടലും സൊമാറ്റോയും ഒരേപോലെ ഉത്തരവാദികളാണെന്നായിരുന്നു കോടതി വിലയിരുത്തിയത്.

ഭക്ഷണം മാറിപ്പോയതായി ഹോട്ടല്‍ അധികൃതര്‍ കുറ്റസമ്മതം നടത്തി. പിഴ ഇരു കക്ഷികളും ചേര്‍ന്ന് നല്‍കണം. സേവനത്തിലുണ്ടായ വീഴ്ചയ്ക്ക് 50,000 രൂപയും അതുമൂലം ഉപഭോക്താവിനുണ്ടായ മാനസികപീഡയ്ക്ക് 5000 രൂപയും നല്‍കണമെന്നാണ് വിധിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.