ജനാധിപത്യത്തിന്റെ അർത്ഥ തലങ്ങൾ സമ്പൂർണ്ണതയിലെത്തിക്കാനുള്ള ക്രിയാന്മക മുന്നേറ്റമാണ് നവകേരള സദസ്സ്; മുഖ്യമന്ത്രി

 | 
ggg

തിരുവനന്തപുരം: ജനാധിപത്യത്തിന്റെയും ഭരണ നിർവ്വഹണത്തിന്റെയും ചരിത്രത്തിൽ പുതുമയുള്ളതാണ് നവകേരള സദസ്സെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന്റെ അർത്ഥ തലങ്ങൾ സമ്പൂർണ്ണതയിലെത്തിക്കാനുള്ള മുന്നേറ്റം കൂടിയാണിതെന്നും ഇതിന്റെ ഭാഗമായി താനും മന്ത്രിമാരും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇനിയും ഉയരങ്ങളിലേയ്ക്ക് കേരളത്തെ എത്തിക്കേണ്ടതുണ്ടെന്നും അതേറ്റവും നന്നായി നടപ്പാക്കാൻ ഏവരുടേയും സക്രിയമായ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ആശയങ്ങളും അടുത്തറിയുന്നതിനും മുഖ്യമന്ത്രി എന്ന നിലയിൽ ഞാനും മന്ത്രിസഭ ആകെയും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും. നവകേരള സദസ്സ് എന്ന പേരിൽ സംഘടിപ്പിക്കുന്ന വിപുലമായ പരിപാടി ജനാധിപത്യത്തിന്റെയും ഭരണ നിർവ്വഹണത്തിന്റെയും ചരിത്രത്തിൽ പുതുമയുള്ളതാണ്. സമാനതകളില്ലാത്തതുമാണ്. ജനാധിപത്യത്തിന്റെ അർത്ഥ തലങ്ങൾ സമ്പൂർണ്ണതയിലെത്തിക്കാനുള്ള ക്രിയാന്മക മുന്നേറ്റമാണ് നവകേരള സദസ്സ്.

നവംബര്‍ 18 ന് മഞ്ചേശ്വരത്ത് തുടക്കം കുറിക്കും. സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ നടന്നുവരികയാണ്. നവകേരളത്തിനായി നാം ഒത്തൊരുമിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്ക് നവകേരള സദസ്സ് പുതിയ ഊർജ്ജം പകരും.

നാടിന്റെ പുരോഗതിയെന്നാൽ ഏറ്റവും സാധാരണക്കാരുടെ ക്ഷേമവും ഉന്നമനവും ഉറപ്പിക്കേണ്ട പ്രക്രിയയാണെന്ന ഉറച്ച ബോധ്യത്തോടെയാണ് നാം പ്രയത്നിച്ചത്. സുസ്ഥിരവും സർവ്വതലസ്പർശിയുമായ വികസനത്തിനു മാത്രമേ പുരോഗതി യാഥാർത്ഥ്യമാക്കാൻ കഴിയുകയുള്ളൂ. അടിയുറച്ച ആ ബോധ്യമാണ് ഈ സർക്കാരിന്റെ കരുത്ത്. ജനാധിപത്യത്തിന്റെയും മത നിരപേക്ഷതയുടെയും മാതൃകാസ്ഥാനമായി കേരളത്തെ നിലനിർത്താൻ നമുക്ക് കഴിയുന്നതും ആ നിലപാട് വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതു കൊണ്ടാണ്. ഇനിയും ഉയരങ്ങളിലേയ്ക്ക് കേരളത്തെ എത്തിക്കേണ്ടതുണ്ട്.

അതേറ്റവും നന്നായി നടപ്പാക്കാൻ ഏവരുടേയും സക്രിയമായ പങ്കാളിത്തം അനിവാര്യമാണ്. സംഭാവനകൾ അനിവാര്യമാണ്. ജനപങ്കാളിത്തവും പിന്തുണയും ഉറപ്പു വരുത്താനും ജനങ്ങളിലേയ്ക്ക് സർക്കാരിനെ കൂടുതൽ അടുപ്പിക്കാനും നവകേരള സദസ്സ് സഹായകമാകും.

നവകേരള സദസിന്റെ ഭാഗമായി നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ മണ്ഡലം സദസ്സുകള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന വിധത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനൊപ്പം സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും പര്യടനം ലക്ഷ്യമിടുന്നു. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും.