നവകേരള സദസിന് നാളെ തുടക്കം

 | 
navakerala sads

മുഖ്യമന്ത്രി പിണറായി വിജയനും മു‍ഴുവൻ മന്ത്രിമാരും സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങൾ സന്ദർശിക്കുന്ന നവകേരള സദസിന് നാളെ കാസർഗോഡ് തുടക്കമാകും. നവംബർ 18 മുതൽ ഡിസംബർ 24 വരെ തുടർച്ചയായി പരിപാടി നടക്കും. ‘ജനകീയ മന്ത്രിസഭ ജനങ്ങൾക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സർക്കാർ നവകേരള സദസ് സംഘടിപ്പിക്കുന്നത്.

ഫയലിൽ കുരുങ്ങിക്കിടക്കുന്ന, ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പൂർണമായും പരിഹാരം കാണുക എന്നതാണ് നവകേരള സദസുകൊണ്ട് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഓരോ ഫയലും ഒരു ജീവിതത്തെ പ്രതിനിധീകരിക്കുന്നതാണെന്നും അതിന് പരിഹാരം കാണുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

ദിവസവും രാവിലെ ജില്ല തലത്തിൽ പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാ‍ഴ്‌ച നടക്കും. മുഖ്യമന്ത്രി ആകെ 15 മിനിറ്റാണ് പ്രസംഗിക്കുക. പങ്കെടുക്കുന്ന മറ്റുള്ളവർ ആകെ 45 മിനിറ്റും സംസാരിക്കും. നവകേരള സന്ദസിൻറെ ഭാഗമായി സംസ്ഥാനത്തെ ഓരോ മണ്ഡലങ്ങളിലും ബഹുജന സദസുകൾ സംഘടിപ്പിക്കും. ഒരു ദിവസം തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും നാല് മണ്ഡലങ്ങളിലെത്താനാണ് തീരുമാനം. ജനപ്രതിനിധികൾ, സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, തൊഴിലാളികൾ, കൃഷിക്കാർ, കർഷക തൊ‍ഴിലാളികൾ, മഹിളകൾ – യുവജനങ്ങൾ, വിദ്യാർഥികൾ, മുതിർന്ന പൗരർ തുടങ്ങിയവർ മണ്ഡല ബഹുജന സദസുകളിൽ പങ്കെടുക്കും.

എല്ലാ ദിവസവും രാവിലെ 11, ഉച്ചയ്ക്ക് ശേഷം മൂന്ന്, വൈകിട്ട് നാലര, ആറ് എന്നിങ്ങനെയാണ് മണ്ഡല സദസിൻറെ സമയം. പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കാൻ ഏ‍ഴ് കൗണ്ടറുകളാണ് ഓരോ മണ്ഡലങ്ങളിലും ഉണ്ടാവുക. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരർ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകൾ ഒരുക്കും. മണ്ഡല സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് തന്നെ പരാതികൾ സ്വീകരിക്കും. പരാതികളിൽ വിലാസം, മൊബൈൽ നമ്പർ, ഇ – മെയിൽ വിലാസവും നൽകണം.