നവകേരള സദസ്; സ്കൂൾ ബസ് വിട്ടുകൊടുക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

 | 
highcourt

കൊച്ചി: നവകേരളയാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ട് നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. സ്കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.

നവകേരള സദസിനായി സ്കൂൾ ബസുകളെ വിട്ടു നൽകാനുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ കാസർകോട് സ്വദേശി നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് പരിപാടിയുടെ ഭാഗമായി സ്കൂൾ ബസുകളും വിട്ടുനൽകണമെന്നാണ് സർക്കുലർ.

കുട്ടികളുടെ യാത്രയ്ക്ക് അസൗകര്യമില്ലാത്ത വിധത്തിൽ ബസ് നൽകാം എന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ പറയുന്നത്. നവ കേരള സദസ് പരിപാടിയിക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടത്.