ഷാരൂഖ് ഖാന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ്; പരിശോധന താരത്തിന്റെ ജയില്‍ സന്ദര്‍ശനത്തിന് പിന്നാലെ

 | 
Mannat
മുംബൈ:ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീടായ മന്നത്തില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ്. ലഹരിമരുന്ന് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ ഷാരൂഖ് ഇന്ന് ആര്‍തര്‍ റോഡ് ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് എന്‍സിബി മന്നത്തില്‍ എത്തിയത്. നടി അനന്യ പാണ്ഡേയുടെ വീട്ടിലും എന്‍സിബി പരിശോധന നടക്കുകയാണ്. നടിയെ എന്‍സിബി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്റെ വാട്‌സാപ്പ് ചാറ്റില്‍ പേര് പരാമര്‍ശിച്ചിട്ടുള്ളതിനാലാണ് അനന്യയെ ചോദ്യം ചെയ്യാന്‍ വിളിച്ചത്.

ഇന്ന് രാവിലെയാണ് ഷാരൂഖ് മകനെ കാണാന്‍ ജയിലില്‍ എത്തിയത്. 20 മിനിറ്റോളം ഷാരൂഖ് ജയിലില്‍ ചെലവഴിച്ചു. ഒക്ടോബര്‍ 2നാണ് ആര്യന്‍ അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച ആര്യനുമായി ഷാരൂഖും ഭാര്യ ഗൗരിയും വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. എന്നാല്‍ ആദ്യമായാണ് താരം ജയിലില്‍ മകനെ കാണാന്‍ എത്തുന്നത്.

ഇതുവരെ ജയിലില്‍ സന്ദര്‍ശകര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇന്ന് മുതലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇളവ് നല്‍കിയിരിക്കുന്നത്. ഇന്നു മുതല്‍ രണ്ട് പേര്‍ക്ക് ജയിലില്‍ സന്ദര്‍ശനത്തിന് അനുമതിയുണ്ട്. കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളിയിരുന്നു.

രണ്ടു തവണയാണ് ആര്യന്റെ ജാമ്യാപേക്ഷകള്‍ തള്ളിയത്. ജാമ്യത്തിനായി ആര്യന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.