നെടുമ്പാശേരി അപകടം മത്സരയോട്ടത്തിന് ഇടയിലാണോ എന്ന് അന്വേഷിക്കും

റിമാൻഡ് റിപ്പോർട്ട് പുറത്ത്
 | 
Nedumbasseri Accident

നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് മദ്യപിച്ചിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ട്. ഒക്ടോബർ 10 ന് വൈകിട്ട് മുതൽ നഗരത്തിലെ വിവിധ ബാറുകളിൽ നിന്നും തുടർന്ന് നെടുമ്പാശേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബാറിൽ നിന്നും സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ മദ്യപിച്ച ശേഷം വാഹനമോടിച്ചതാണ് അപകടത്തിനു കാരണമായതെന്ന് നെടുമ്പാശേരി പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതോടൊപ്പം, പ്രതി ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനു കൂടിയാണ് റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് പരിഗണിച്ച അങ്കമാലി മജിസ്ട്രേട്ട് കോടതി സുഹൈലിനെയും ഒപ്പം അറസ്റ്റിലായ നിനവിനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. അതിനിടെ, സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങാൻ നെടുമ്പാശേരി പൊലീസ് നാളെ അപേക്ഷേ നൽകും.

പഠനച്ചെലവിനു മാതാപിതാക്കൾക്ക് ഭാരമുണ്ടാകരുതെന്ന് കരുതി; ദേവിക മടങ്ങിയത് സ്വപ്നങ്ങൾ ബാക്കിവച്ച്
ഞായറാഴ്ച വെളുപ്പിനെ രണ്ടുമണിയോടെയാണ് ആലപ്പുഴ ലജനത്ത് വാർഡ് നൂഹ് മൻസിലിൽ സുഹൈൽ (19) ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന 3 പേർ കൊല്ലപ്പെട്ടിരുന്നു. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തു നിന്ന് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച സുഹൈൽ മദ്യപിച്ചിരുന്നുവെന്ന വിവരം പിന്നീട് പുറത്തു വന്നിരുന്നു. ഇത് ഔദ്യോഗികമായി തെളിയിക്കുന്നതിനു രക്തസാംപിളുകൾ അടക്കമുള്ളവ പരിശോധനയ്ക്ക് അയച്ചതിന്റെ പരിശോധനാഫലം അടുത്ത ദിവസങ്ങളിൽ തന്നെ ലഭിക്കുമെന്ന് നെടുമ്പാശേരി പൊലീസ് അറിയിച്ചു.

പ്രതി സാമ്പത്തിക ശേഷിയും സ്വാധീനവുമുള്ളയാളായതിനാൽ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. അപകടസമയത്ത് സുഹൈൽ മറ്റേതെങ്കിലും വാഹനവുമായി മത്സരയോട്ടം നടത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സുഹൈൽ, കൂടെ അറസ്റ്റിലായ സുഹൃത്ത് നിനവ് എന്നിവർ കൊച്ചി നഗരത്തിലെ രണ്ടു ബാറുകളിൽ നിന്ന് മദ്യപിച്ച ശേഷമാണ് നെടുമ്പാശേരിയിലെത്തിയതും ഇവിടുത്തെ ബാറിൽ നിന്നും മദ്യപിച്ചതും. മദ്യലഹരിയിൽ വാഹനമോടിച്ചാൽ അപകടമുണ്ടാകുമെന്ന് അറിവുണ്ടായിരുന്നിട്ടും കൂടെയുണ്ടായിരുന്ന 2 മുതൽ 4 വരെയുള്ള പ്രതികൾ വാഹനം ഓടിക്കുന്നത് തടയാതെ കൂടുതൽ വേഗത്തിൽ ഓടിക്കാൻ പ്രേരണയും പ്രോത്സാഹനവും നൽകി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സുഹൈലിനും നിനവിനും പിന്നാലെ അമീർ, ജോയൽ എന്ന ഇവരുടെ രണ്ടു സുഹൃത്തുക്കളെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.