നെടുമുടി വേണു അന്തരിച്ചു

 | 
Nedumudui Venu
നെടുമുടി വേണു അന്തരിച്ചു

നടന്‍ നെടുമുടി വേണു അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. നേരത്തേ കോവിഡ് ബാധിതനായ അദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 50 വര്‍ഷത്തോളം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു നെടുമുടി. 1978ല്‍ അരവിന്ദന്റെ തമ്പിലൂടെ സിനിമയിലെത്തിയ അദ്ദേഹം നായകനായും സഹനടനായും വില്ലനായും വിവിധ വേഷങ്ങളില്‍ എത്തി.

നാടക രംഗത്തു നിന്നാണ് അദ്ദേഹം സിനിമയില്‍ എത്തിയത്. 80കളുടെ തുടക്കത്തില്‍ നിരവധി സിനിമകളില്‍ അദ്ദേഹം നായക വേഷത്തില്‍ എത്തിയിരുന്നു. 1981, 1987, 2003 എന്നീ വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. 1990ല്‍ ഹിസി ഹൈനസ് അബ്ദുള്ളയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. പാച്ചി എന്ന അപരനാമത്തില്‍ ചലച്ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, തീര്‍ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ നുണകഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. പൂരം എന്ന ചിത്രം സംവിധാനം ചെയ്തു.

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ 1948 മെയ് 22ന് ജനിച്ച കെ.വേണുഗോപാലന്‍ എന്ന നെടുമുടി വേണു ചെറുപ്പത്തില്‍ തന്നെ നാടകത്തില്‍ ആകൃഷ്ടനായിരുന്നു. സ്‌കൂളിലും നാട്ടിലും കൂട്ടുകാര്‍ക്കൊപ്പം നാടകങ്ങള്‍ അവതരിപ്പിച്ചു. പിന്നീട് ആലപ്പുഴ എസ്ഡി കോളേജില്‍ നിന്ന് ഡിഗ്രി നേടിയ ശേഷം ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും കലാകൗമുദിയില്‍ മാധ്യമപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു.

അപ്പുണ്ണി, പാളങ്ങള്‍, ചാമരം, തകര, കള്ളന്‍ പവിത്രന്‍, മംഗളം നേരുന്നു, കോലങ്ങള്‍, ചില്ല്, യവനിക, കേളി, വാരിക്കുഴി, പരസ്പരം, സര്‍ഗം, പഞ്ചവടി പാലം, അക്കരെ, ഇരകള്‍, അടിവേരുകള്‍, സുഖമോ ദേവി, ചിലമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ഒരിടത്ത്, പെരുംതച്ചന്‍ ആരണ്യകം, ധ്വനി, ചിത്രം, ദശരഥം, താളവട്ടം, വന്ദനം, ഡോക്ടര്‍ പശുപതി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, അങ്കിള്‍ ബണ്‍, സൂര്യ ഗായത്രി, വിയറ്റ്‌നാം കോളനി, സവിധം, മായാമയൂരം, ദേവാസുരം, നന്ദിനി ഓപ്പോള്‍, ശ്രീരാഗം, സ്ഥടികം, ദേവരാഗം, ഗുരു, ചുരം, സുന്ദരകില്ലാടി, ഹരികൃഷ്ണന്‍സ്, ഇംഗ്ലീഷ് മീഡിയം, മേഘം, ഇഷ്ടം, കാക്കക്കുയില്‍, തിളക്കം, ബാലേട്ടന്‍, ജലോത്സവം, തന്മാത്ര, പാസഞ്ചര്‍, ബെസ്റ്റ് ആക്ടര്‍, ആകാശത്തിന്റെ നിറം, ആലിഫ്, നിര്‍ണായകം, ചാര്‍ലി, പാവാട തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തി.

ഒടിടിയിലും തീയേറ്ററിലും പ്രദര്‍ശനത്തിനെത്തിയ ആണും പെണ്ണും ആണ് നെടുമുടിയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഡോ.ബിജു സംവിധാനം ചെയ്ത ഓറഞ്ച് മരങ്ങളുടെ വീട് എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.