അശ്രദ്ധ സംഭവിച്ചു; മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി.ശിവന്‍കുട്ടി

 | 
V Sivankutty

തിരുവനന്തപുരം പാറശ്ശാലയില്‍ സിപിഎം നടത്തിയ മെഗാ തിരുവാതിരയെ തള്ളി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. വിഷയത്തില്‍ അശ്രദ്ധയുണ്ടായിട്ടുണ്ടെന്നും തീര്‍ച്ചയായും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരുവാതിരയെ തള്ളിപ്പറഞ്ഞിരുന്നു.

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് പാറശ്ശാലയിലായിരുന്നു 502 പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര സംഘടിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നടത്തിയ തിരുവാതിര അതുകൊണ്ടുതന്നെ വിവാദമായിരുന്നു. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ പൊതുപരിപാടികളില്‍ 150 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.ആര്‍.സലൂജയുടെ നേതൃത്വത്തിലായിരുന്നു ജനാധിപത്യ മഹിളാ അസോസിയേഷന്‍ തിരുവാതിര നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ സംസ്‌കാരം നടന്ന ദിവസം തന്നെ തിരുവാതിര നടത്തിയത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

സംഭവത്തില്‍ 550ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കേസ്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു തിരുവാതിര. മെഗാ തിരുവാതിരയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കുന്ന വരികള്‍ അടക്കം സോഷ്യല്‍ മീഡിയയുടെ ട്രോള്‍ നേരിടുകയാണ്.