ആന്ധ്രയിലും ചണ്ഡീഗഡിലും പുതിയ കേസുകള്‍; രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 35 ആയി

ഇന്ത്യയില്‍ കോവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 35 ആയി ഉയര്‍ന്നു. ആന്ധ്രാപ്രദേശില്‍ വിശാഖപട്ടണത്തും ചണ്ഡീഗഡിലും ഓരോ കേസുകള്‍ സ്ഥിരീകരിച്ചതോടെയാണ് ഇത്. അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന് ശേഷം മുംബൈ വഴി വിശാഖപട്ടണത്ത് എത്തിയ 34 കാരനാണ് ആന്ധ്രയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആദ്യ ഒമിക്രോണ്‍ കേസാണ് ഇത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയ ഇയാളെ വിശാഖപട്ടണത്ത് നടത്തിയ പരിശോധനയില്‍ രോഗബാധിതനാണെന്ന് കണ്ടെത്തുകയായിരുന്നു.
രോഗലക്ഷണങ്ങളൊന്നുമില്ലാതിരുന്ന ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ ഐസോലേഷനിലാക്കാന്‍ ശ്രമം തുടങ്ങി. ആന്ധ്രയില്‍ വിദേശത്തു നിന്നെത്തിയ 15 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന ആറാമത്തെ സംസ്ഥാനമായി ആന്ധ്ര മാറി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 17 ഒമിക്രോണ്‍ കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു.
രാജസ്ഥാന്‍, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക എന്നിവയാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സംസ്ഥാനങ്ങള്‍. ഇതിനിടെ ടിപിആര്‍ ഉയര്‍ന്ന ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. 27 ജില്ലകളിലാണ് നിയന്ത്രണം നിര്‍ദേശിച്ചിരിക്കുന്നത്. കേരളത്തില്‍ കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം , എറണാകുളം, കണ്ണൂര്‍, തൃശ്ശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് പട്ടികയിലുള്ളത്.