കെപിസിസിക്ക് പുതിയ നേതൃത്വം; പ്രസിഡന്റായി സ്ഥാനമേറ്റ് സണ്ണി ജോസഫ്

തിരുവനന്തപുരം∙ കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎല്‍എയും, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി.വിഷ്ണുനാഥ് എംഎല്‍എ, എ.പി.അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശ് എംപിയും ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്തെ ചടങ്ങ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പാർട്ടിയെ ജനകീയമാക്കാനും യുഡിഎഫിന്റെ അടിത്തറ ശക്തമാക്കാനും കഴിഞ്ഞതായി സ്ഥാനമൊഴിയുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടാൻ കഴിഞ്ഞു. പാർട്ടിയിൽ ഇപ്പോൾ ഗ്രൂപ്പ് കലാപങ്ങളില്ല. പ്രവർത്തകരുടെ ഐക്യമാണ് അതിനു കാരണം. യൂണിറ്റ് കമ്മിറ്റികൾ പൂർത്തിയാക്കാൻ കഴിയാത്തത് ദുഃഖമാണ്. പുതിയ ഭാരവാഹികൾക്ക് അതിനു കഴിയണം. സിപിഎമ്മിനെതിരെ പടകുതിരയായി താൻ മുന്നിലുണ്ടാകും. നേതൃത്വത്തിന്റെയും പാർട്ടി പ്രവർത്തകരുടെയും സ്നേഹത്തിന് നന്ദിയുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു.
കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എഐസിസി സെക്രട്ടറിമാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.