ബഹിരാകാശ വിനോദസഞ്ചാരമേഖലയിലെ പുത്തൻ കാൽവെപ്പ്; ഇന്‍സ്പിരേഷന്‍ 4 ന് തുടക്കം

 | 
space x

ഇലോൺ മസ്ക്കിന്റെ ബഹിരാകാശ ടൂറിസം പദ്ധതി ഇന്‍സ്പിരേഷന്‍ 4ന് കെന്നഡി സ്‌പേസ് സെന്ററിൽ തുടക്കം. മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച ഡ്രാഗണ്‍ ക്യൂപ്സൂളിൽ കയറി നാലു ബഹിരാകാശ വിദഗ്ധരല്ലാത്ത സ്‌പേസ് ടൂറിസ്റ്റുകൾ ബഹിരാകാശത്തേക്കു പറന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30 ഓടെയായിരുന്നു വിക്ഷേപണം. സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഡ്രാഗണ്‍ കാപ്സ്യൂളിനെ ബഹിരാകാശത്ത് എത്തിച്ചത്. മിഷനിലെ നാല് അംഗങ്ങളും ഭ്രമണപഥത്തിൽ എത്തിച്ചേർന്നിരിക്കുന്നു.  മൂന്ന് ദിവസം ഇവർ ഭൂമിയെ വലം വയ്ക്കും.

space x

മൂന്ന് ദിവസത്ത ശേഷം യാത്രികര്‍ സഞ്ചരിക്കുന്ന ഡ്രാഗണ്‍ കാപ്സ്യൂള്‍ ഫ്ലോറിഡ തീരത്തിനടുത്ത് അത്ലാറ്റിക്ക് സമുദ്രത്തില്‍ പതിക്കുമെന്നാണ് കരുതുന്നത്.   അതീവ ബഹിരാകാശ പരിശീലനമൊന്നും ലഭിക്കാത്തെ ആറുമാസം മുന്‍പ് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇപ്പോള്‍ ബഹിരാകാശത്തേക്ക് കുതിച്ച നാലുപേര്‍. രണ്ടു പുരുഷന്‍മാരും രണ്ടും സ്ത്രീകളുമാണ് യാത്രക്കാർ.  ഷിഫ്റ്റ് ഫോർ പേയ്മെന്റ്സ് എന്ന കമ്പനിയുടെ ഉടമസ്ഥനും ശതകോടീശ്വരനുമായ ജാറെദ് ഐസക്മാനാണ് ഒരാള്‍. ക്യാന്‍സറിനെതിരെ പൊരുതി ജയിച്ച ഫിസിഷ്യനായ ഹെയ്ലി എന്ന 29 കാരിയും അമ്പത്തിയൊന്നുകാരിയായ സിയാന്‍ പ്രൊക്റ്റര്‍, യുഎസ് വ്യോമസേന മുന്‍ പൈലറ്റും 42 വയസുകാരനുമായ ക്രിസ് സെംബ്രോസ്കി എന്നിവരുമാണ് ഈ സംഘത്തിലെ മറ്റുള്ളവര്‍.

അരിസോണയിലെ സൗത്ത് മൗണ്ടെയ്ൻ കമ്യൂണിറ്റി കോളജിൽ ജിയോസയൻസ് പ്രഫസറാണ്  സിയാൻ. സ്വന്തം പിതാവിന്‍റെ പാത പിന്തുടർന്ന് 2009ൽ നാസയിൽ ചേരാനായി സിയാൻ അപേക്ഷ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. അന്നു നടക്കാതെ പോയ ആഗ്രഹമാണ്  ഇപ്പോൾ യാഥാർഥ്യമാകുന്നത്. 

ടെന്നസിയിലെ സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച് ഹോസ്പിറ്റലിൽ ഫിസിഷ്യൻ അസിസ്റ്റന്റായ ഹെയ്‌ലി അർസിനോയുടെ കാലിലെ ഒരു എല്ല് ക്യാന്‍സര്‍ ബാധിച്ച് നീക്കം ചെയ്തിട്ടുണ്ട്. അവിടെ കൃത്രിമ എല്ല് ഘടിപ്പിച്ചാണ് ഇവര്‍ ജീവിക്കുന്നത്. ഇത്തരത്തില്‍ ബഹിരാകാശ യാത്ര നടത്തുന്ന ആദ്യത്തെ ആളാണ് ഹെയ്ലി. 

 ദൗത്യസംഘത്തിലെ ഹെയ്ലി ജോലി ചെയ്യുന്ന ആശുപത്രിക്കായി 20 കോടി അമേരിക്കന്‍ ഡോളര്‍ സമാഹരിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. ഇവര്‍ തിരിച്ചുവന്ന് ഇവര്‍ ബഹിരാകാശത്ത് എത്തിച്ച വസ്തുക്കള്‍ ലേലം ചെയ്താണ് ഈ തുക കണ്ടെത്തുക.