കൂറുമാറാതിരിക്കാന്‍ പുതിയ തന്ത്രം; ഗോവയിലെ സ്ഥാനാര്‍ത്ഥികളെ അമ്പലത്തിലും പള്ളികളിലും എത്തിച്ച് സത്യം ചെയ്യിച്ച് കോണ്‍ഗ്രസ്

 | 
Goa Congress

സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം കൂറുമാറി ബിജെപിക്കൊപ്പം ചേരാതിരിക്കാന്‍ പുതിയ തന്ത്രവുമായി ഗോവ കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥികളെ ക്ഷേത്രങ്ങളിലും പള്ളികളിലും എത്തിച്ച് സത്യം ചെയ്യിക്കുകയാണ് നേതൃത്വം. ജയിച്ചാല്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന പ്രതിജ്ഞയാണ് എടുപ്പിക്കുന്നത്. 2017ലെ തെരഞ്ഞെടുപ്പില്‍ 17 എംഎല്‍എമാരുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് ബിജെപി മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു. അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ കോണ്‍ഗ്രസിന് വെറും 2 എംഎല്‍എമാര്‍ മാത്രമാണ് ഉള്ളത്. 

ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് കോണ്‍ഗ്രസിന്റെ അറ്റകൈ പ്രയോഗം. 36 സ്ഥാനാര്‍ത്ഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാലും ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമായതിനാലാണ് പ്രതിജ്ഞ ചെയ്യല്‍ പ്രചാരണം. ഇതിന്റെ ഭാഗമായി എല്ലാ സ്ഥാനാര്‍ത്ഥികളും ക്ഷേത്രത്തിലും മുസ്ലീം പള്ളിയിലും ക്രിസ്ത്യന്‍ പള്ളിയിലും എത്തി കോണ്‍ഗ്രസിനോട് കൂറു പുലര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്തു. 

പന്‍ജിമിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും കൊങ്കണിയിലെ ബാംബോലി ക്രോസിലും ബെറ്റിമിലെ മുസ്ലീം പള്ളിയിലുമായിരുന്നു ചടങ്ങുകള്‍. ഗോവ പിസിസി അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍, ഗോവയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാരായ പി.ചിദംബരം, ദിനേശ് ഗുണ്ടുറാവു തുടങ്ങിയവരും സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്നു.