കോട്ടയം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തി
കോട്ടയം മെഡിക്കല്‍ കോളേജില്‍ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ആശുപത്രി ജീവനക്കാരുടെ വേഷത്തില്‍ എത്തിയ സ്ത്രീയാണ് കുഞ്ഞുമായി കടന്നത്. പിന്നീട് ഒരു മണിക്കൂറിനകം കുഞ്ഞിനെ സമീപത്തെ ഹോട്ടലില്‍ നിന്ന് കണ്ടെത്തി. ഗൈനക്കോളജി വാര്‍ഡില്‍ വൈകിട്ട് 3.30ഓടെയാണ് സംഭവം.
നഴ്‌സിന്റെ വേഷത്തിലെത്തിയ സ്ത്രീ കുട്ടിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും ഡോക്ടര്‍ക്ക് പരിശോധിക്കണമെന്നും അറിയിച്ച് അമ്മയില്‍ നിന്ന് കുഞ്ഞിനെ വാങ്ങി. ഇതിന് ശേഷം ഇവര്‍ പുറത്തേക്ക് പോകുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെയും കുഞ്ഞിനെയും കാണാതായതോടെ കുട്ടിയുടെ അമ്മ നഴ്‌സിംഗ് സ്‌റ്റേഷനിലെത്തി.
അപ്പോഴാണ് കുട്ടിയെ ആവശ്യപ്പെട്ട് നഴ്‌സുമാര്‍ ആരും പോയിട്ടില്ലെന്ന വിവരം അറിഞ്ഞത്. ഇതോടെ പരിഭ്രാന്തരായ അമ്മയും ബന്ധുക്കളും ബഹളം വെക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തു. ആശുപത്രിയുടെ സമീപ പ്രദേശങ്ങളില്‍ പോലീസ് തെരച്ചില്‍ ആരംഭിച്ചതിന് പിന്നാലെയാണ് സമീപത്തുള്ള ഹോട്ടലിന് മുന്നില്‍ നിന്ന് കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലാക്കി.
കുട്ടിയെ കടത്തിക്കൊണ്ടു പോയ സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ ഇളം റോസ് നിറത്തിലുള്ള ചുരിദാറാണ് ധരിച്ചിരുന്നത്. ഇവര്‍ ഇതിന് മുന്‍പും ആശുപത്രി പരിസരത്ത് വന്നിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.