തിരുവല്ലയിലെ നവജാതശിശുവിൻ്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് നാണക്കേട് ഭയന്ന്

 | 
baby

തിരുവല്ലയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ അവിവാഹിതയായ അമ്മ അറസ്റ്റിൽ. മല്ലപ്പള്ളി സ്വദേശിനി നീതു ആണ് പിടിയിലായത്. അവിവാഹിതയായ താൻ ഗർഭിണിയായ വിവരം പുറത്തിറഞ്ഞാൽ നേരിടേണ്ടിവരുന്ന നാണക്കേട് ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് നീതു മൊഴി നൽകി. സ്വകാര്യ മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാരിയാണ് നീതു.

നീതു പെൺകുഞ്ഞിന് ജന്മം നൽകിയത് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു. സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിലെ ക്ലോസറ്റിൽ ആണ് ഇവർ പ്രസവിച്ചത്.  ഒപ്പം താമസിക്കുന്നവർ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. തുടർന്നാണ് പൊലീസിനെ അറിയിച്ചത്.

കുഞ്ഞിന്റെ മുഖത്ത് തുടർച്ചയായി വെള്ളം ഒഴിച്ചാണ് കൊലപ്പെടുത്തിയത്. ആശുപത്രിയിലെ മുൻ ജീവനക്കാരനിൽ നിന്നാണ് നീതു ഗർഭിണിയായത്. ഇത് മറച്ചുവെച്ചായിരുന്നു പ്രസവം. കൂടെ താമസിച്ചിരുന്നവർ ഇക്കാര്യം അറിയാതിരിക്കാൻ നീതു പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി പൊലീസ് പറയുന്നു. നീതുവിന്റെ കാമുകൻ തൃശ്ശൂർ സ്വദേശിയുടെ പങ്കും അന്വേഷിക്കുന്നുണ്ട്.