അന്യസംസ്ഥാന ഗതാഗത കരാറിലൂടെ മില്‍മയ്ക്ക് നഷ്ടം ഉണ്ടായെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: ടിആര്‍സിഎംപിയു
തിരുവനന്തപുരം: സംസ്ഥാനത്തെ പാല്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനായി മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ കൊണ്ടുവരാന്‍ ഗതാഗത കരാര്‍ നല്കിയതു വഴി മില്‍മയ്ക്ക് വന്‍നഷ്ടമുണ്ടായെന്ന വിധത്തില്‍ ചില പത്രമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡി എസ്. കോണ്ട അറിയിച്ചു.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് തിരുവനന്തപുരം യൂണിയനിലേക്ക് പാല്‍ കൊണ്ടുവന്ന വാഹനം സഞ്ചരിച്ച ദൂരം കണക്കാക്കിയതില്‍ അപാകതയുണ്ടെന്ന് ഓഡിറ്റര്‍മാര്‍ ചൂണ്ടിക്കാട്ടിയത് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും ഡി എസ്. കോണ്ട പറഞ്ഞു. സംശയമുള്ള ബില്ലുകളിലെ തുകകള്‍ തടഞ്ഞുവയ്ക്കുന്നതിനു നിര്‍ദേശം നല്കിയിട്ടുണ്ട്. അധികമായി ഈടാക്കിയ പണം കരാറുകാരില്‍ നിന്ന് തിരിച്ചു പിടിക്കാനായിരുന്നു ഓഡിറ്റിലെ ശുപാര്‍ശ.
മില്‍മയുടെ ഇന്‍റേണല്‍ ഓഡിറ്റിംഗില്‍ ചില ബില്ലുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. അതിനെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന ഗതാഗതച്ചെലവുമായി ബന്ധപ്പെട്ട് ഏകദേശം 84 ലക്ഷം രൂപ വിവിധ കരാറുകാരില്‍ നിന്നും പിടിച്ചു വച്ചിട്ടുണ്ട്. ഓഡിറ്റര്‍മാര്‍ ചൂണ്ടിക്കാണിച്ച പൊരുത്തക്കേടുകള്‍ കൂടുതല്‍ പരിശോധനയ്ക്ക് ശേഷം ശരിയാണെന്ന് കണ്ടെത്തിയാല്‍ കരാറുകാര്‍ അധികം ഈടാക്കിയ തുക കുറവ് ചെയ്തു മാത്രമേ അനുവദിക്കുകയുള്ളൂ. കൂടാതെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നു പാല്‍ കൊണ്ടുവരുന്നതിനുള്ള ഗതാഗത നിരക്ക് മറ്റു യൂണിയനുകളെ അപേക്ഷിച്ചു തിരുവനന്തപുരം യൂണിയനില്‍ കുറവാണ്. ടാങ്കറുകള്‍ സഞ്ചരിച്ച ദൂരം കണക്കാക്കി മാത്രം ബില്‍ തുക അനുവദിച്ചു നല്‍കണമെന്നാണ് എല്ലാ ഡെയറികളിലെയും ചുമതലക്കാര്‍ക്ക് നല്കിയിട്ടുള്ള നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ഡെയറിയില്‍ സ്ഥാപിച്ചിട്ടുള്ള സ്റ്റിക് ലൈന്‍ മെഷീന്‍ പ്രവര്‍ത്തനരഹിതമാണെന്ന വാര്‍ത്തകളും ഡി എസ്. കോണ്ട നിഷേധിച്ചു. തിരുവനന്തപുരം യൂണിയന്‍റെ വിപണനത്തിന് ആവശ്യമായതിനു പുറമെ മില്‍മയുടെ എറണാകുളം, മലബാര്‍ യൂണിയനുകള്‍ക്കാവശ്യമായ വിവിധ രുചികളിലുള്ള ബാര്‍ ഐസ്ക്രീം തിരുവനന്തപുരം ഡെയറി ഉത്പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷീരകര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് ടിആര്‍സിഎംപിയു പ്രവര്‍ത്തിക്കുന്നതെന്നും അതില്‍ വീഴ്ച വരുത്താതെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഡി എസ്. കോണ്ട പറഞ്ഞു.