സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎക്ക് തിരിച്ചടി; സ്വപ്‌ന ഉള്‍പ്പെടെ മുഖ്യപ്രതികള്‍ക്ക് ജാമ്യം നല്‍കി ഹൈക്കോടതി
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ള എല്ലാ മുഖ്യപ്രതികള്‍ക്കും ജാമ്യം. യു.എ.പി.എ. ചുമത്തി എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി മുഖ്യപ്രതികള്‍ക്കെല്ലാം ജാമ്യം അനുവദിച്ചിരിക്കുന്നത്. യുഎപിഎ നിലനില്‍ക്കുമെന്ന എന്‍ഐഎ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി.
ഇതോടെ സ്വപ്‌നയുള്‍പ്പെടെയുള്ള പ്രതികള്‍ ജയില്‍ മോചിതരാകും. കസ്റ്റംസ് ചുമത്തിയ കോഫെപോസെ ഒഴിവാക്കിയതിനാല്‍ സ്വപ്‌നയ്ക്കും സരിത്തിനും പുറത്തിറങ്ങാനാകും. 25 ലക്ഷം രൂപയുടെ ബോണ്ടിന്‍മേലാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ഈ പണം അടച്ചാല്‍ ഇവര്‍ക്ക് പുറത്തിറങ്ങാം. മറ്റുപ്രതികളായ കെ.ടി. റമീസ്, ജലാല്‍ തുടങ്ങിയവര്‍ കരുതല്‍ തടങ്കലിലാണ്. ഈ മാസം അവസാനത്തോടെ ഇവര്‍ക്കും ജയിലില്‍നിന്ന് പുറത്തിറങ്ങാനാകും.
സ്വര്‍ണ്ണക്കടത്തില്‍ യുഎപിഎ ചുമത്തുന്ന ആദ്യ കേസാണ് ഇത്. എന്നാല്‍ എന്‍ഐഎയ്ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. കേസില്‍ അടുത്തിടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.