നിപ മരണം; കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നുവെന്ന് ബന്ധുക്കള്‍

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12 കാരന്‍ റമ്പൂട്ടാന്‍ കഴിച്ചിരുന്നതായി ബന്ധുക്കള്‍. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തുന്ന കേന്ദ്രസംഘത്തോടാണ് ബന്ധുക്കള്‍ ഇക്കാര്യം അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ റമ്പൂട്ടാന്‍ പഴങ്ങളുടെ സാമ്പിളുകള്‍ സംഘം ശേഖരിച്ചു. കോഴിക്കോട്, ചാത്തമംഗലം, മുന്നൂരിലാണ് കുട്ടിയുടെ വീട്.
നിപ വൈറസ് വവ്വാലുകളില്‍ നിന്ന് എത്തിയതാണോ എന്നാണ് പരിശോധിക്കുന്നത്. കുട്ടിയുടെ വീടും പരിസരവും വവ്വാലുകള്‍ എത്തുന്ന സ്ഥലമാണോ എന്നും പരിശോധിക്കും. കേന്ദ്രസംഘം മരിച്ച കുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളുമായി സംസാരിച്ചു. കുട്ടി കഴിച്ച ഭക്ഷണം, മൃഗങ്ങളുമായി ഇടപഴകിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗത്തിലുള്ള ഡോക്ടര്‍മാരാണ് കേന്ദ്ര സംഘത്തിലുള്ളത്. മുന്‍കരുതലിന്റെ ഭാഗമായി മരിച്ച കുട്ടിയുടെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചാത്തമംഗലം പഞ്ചായത്തിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ പ്രദേശം കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. അയല്‍ ജില്ലകളായ കണ്ണൂരിലും മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം നല്‍കി.