നിപ സംശയം; കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കി

 | 
mask


കോഴിക്കോട് ജില്ലയിൽ നിപ സംശയം നിലനിൽക്കുന്നതിനാൽ ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കി. ജില്ലയിൽ കർശന ആരോഗ്യ ജാഗ്രത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നിർദേശം. ആശുപത്രികൾ സന്ദർശിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. സ്രവസാമ്പിളുകളുടെ പരിശോധനാ ഫലം പുണെയിൽ നിന്ന് ഇന്ന് വൈകീട്ടെത്തുമെന്നും ഈ ഘട്ടത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രി നിർദേശം നൽകി.വവ്വാൽ, കാട്ടുപന്നി എന്നിവയാണ് നിപ വൈറസിന്റെ വാഹകരെന്നതിനാൽ ഇവയുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്ന് വെറ്റിനറി ഓഫിസർ ഡോ കെ ബി ജിതേന്ദ്രകുമാർ നിർദേശം നൽകിയിട്ടുണ്ട്.

പ്രതിരോധപ്രവർത്തനങ്ങൾക്കായി കോഴിക്കോട് കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. എല്ലാ ആശുപത്രികളിലും പകർച്ച വ്യാധി നിയന്ത്രണ പെരുമാറ്റ ചട്ടം നിലവിലുണ്ടെന്ന് വീണാ ജോർജ് പറഞ്ഞു. കഴിവതും ആശുപത്രി സന്ദർശനം ഒഴിവാക്കണം. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 16 ടീമുകളെ ചുമതലപ്പെടുത്തി. ആദ്യം മരിച്ച ആളുടെ ഒൻപത് വയസുള്ള കുട്ടി വെന്റിലേറ്ററിൽ ആണ്. മരിച്ച വ്യക്തിയുടെ ഭാര്യ ഐസൊലേഷനിൽ ആണ്. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് 2 മണിക്ക് കുറ്റ്യാടിയിൽ പ്രാദേശിക യോഗം ചേരും. മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കൽ കോളജിൽ ഐസോലേഷൻ സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഹൈ റിസ്‌ക് ഉള്ളവരെ ഇവിടെ ഐസോലേറ്റ് ചെയ്യും. 75 പേരുടെ സമ്പർക്ക പട്ടിക നിലവിൽ തയ്യാറാക്കിയിട്ടുണ്ട്. ഇവർ പ്രാഥമിക സമ്പർക്കത്തിൽപ്പെട്ടവരാണ്. ഇന്നലെ മരിച്ച വ്യക്തി വടകരയിലെ സ്വകാര്യ ആശുപതിയിലും പോയിട്ടുണ്ട്. ഇന്നലെ മരിച്ചയാളുടെ സംസ്‌കാരം പരിശോധനാ ഫലം വന്ന ശേഷം നടക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു