രണ്ട് പേരുടെ കൂടി നിപ വൈറസ് പരിശോധനഫലം നെഗറ്റിവ്
Tue, 7 Sep 2021
| 
സമ്പർക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ നിപ വൈറസ് പരിശോധനാ ഫലം കൂടി നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പുതുതായി സജ്ജമാക്കിയ ലാബിൽ നടത്തിയ പരിശോധനയിലാണ് 2 പേരുടെ ഏഴ് സാമ്പിളുകൾ നെഗറ്റീവായത്. പുണെ നാഷണൽ വൈറോളജി ലാബിലേക്ക് അയച്ച എട്ടു പേരുടെ സാംപിളുകളും നെഗറ്റീവായിരുന്നു. എട്ടു പേരുടെ മൂന്ന് വീതം സാംപിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചിരുന്നത്. നിപ ബാധിച്ച് മരിച്ച കുഞ്ഞിൻ്റെ മാതാപിതാക്കളും സമ്പർക്കമുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെയുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നത് നമുക്ക് ഈ ഘട്ടത്തിൽ ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുന്നവരുടെ പരിശോധനാ ഫലവും ഇന്ന് ലഭിക്കും.