നിപ; പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകിട്ട് നാലു മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം ചേരുക. മന്ത്രിമാരായ വീണാ ജോർജും പിഎ മുഹമ്മദ് റിയാസും യോഗത്തിൽ പങ്കെടുക്കും. വിവിധ വകുപ്പ് മേധാവികളും മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കും.
നിപ വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ കൂടുതൽ കണ്ടയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. വില്യാപ്പള്ളിയിലെ 3,4,5 വാർഡുകളും പുറമേരിയിലെ 13ാം വാർഡും കൂടിയാണ് കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ വില്യാപ്പള്ളിയിലെ 6,7 വാർഡുകളെ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിരുന്നു. ജില്ലയിലെ 8 പഞ്ചായത്തുകളാണ് കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്. കണ്ടെയ്ൻമെന്റ് സോണുകളിൽ പൊലീസ് ബാരിക്കേഡ് വെച്ച് വഴികൾ അടച്ചു.
കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ സ്‌കൂളുകളിലെയും കുട്ടികൾക്ക് വീട്ടിലിരുന്ന് ക്ലാസുകളിൽ അറ്റൻഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിട്ടുണ്ട്. സമ്പർക്കപ്പട്ടിക തയാറാക്കാൻ ആരോഗ്യ വകുപ്പ് ഫീൽഡ് സർവേ തുടങ്ങി. ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്.