സൗജന്യ കിറ്റ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ല; വിശദീകരണവുമായി മന്ത്രി ജി.അനില്‍കുമാര്‍
സൗജന്യ ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.അനില്‍കുമാര്‍. കിറ്റ് വിതരണത്തില്‍ ബുദ്ധിമുട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. സാമ്പത്തിക പ്രതിസന്ധിയുണ്ട്. കിറ്റ് മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് നല്‍കിയാല്‍ പോരേ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ എല്ലാ വിഭാഗങ്ങളെയും സര്‍ക്കാര്‍ ഒരേപോലെയാണ് കാണുന്നതെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
കിറ്റ് വിതരണം സര്‍ക്കാര്‍ അവസാനിപ്പിച്ചതായി വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചതിനാലും കിറ്റ് വിതരണം തുടരുന്നത് ബുദ്ധിമുട്ടാകുമെന്ന് ധനവകുപ്പ് ഭക്ഷ്യവകുപ്പിനെ അറിയിച്ചതായാണ് വാര്‍ത്ത.
കിറ്റ് വിതരണം തുടരാന്‍ കഴിയില്ലെന്ന് ഓണക്കാലത്ത് തന്നെ ധനവകുപ്പ് അറിയിച്ചിരുന്നു. 2020 ഏപ്രില്‍-മെയ് കാലയളവിലാണ് കിറ്റ് വിതരണം ആരംഭിച്ചത്. പിന്നീട് കഴിഞ്ഞ ഓണം വരെ 11 കോടി കിറ്റുകള്‍ വിതരണം ചെയ്തു. മാസം ശരാശരി 350-400 കോടി രൂപയാണ് ഇതിനായി ചെലവായത്. 5200 കോടി രൂപ ആകെ ചെലവായി. ഓണത്തിനാണ് അവസാനമായി സര്‍ക്കാര്‍ കിറ്റ് നല്‍കിയത്. അതിന് മുന്‍പ് ജൂലൈയില്‍ കിറ്റ് നല്‍കിയിരുന്നില്ല.