വിദേശസേനകൾക്ക് അഫ്​ഗാൻ വിടാൻ സമയപരിധി നീട്ടി നൽകില്ല: താലിബാൻ

 | 
afghan troops

അഫ്​ഗാനിസ്ഥാനിലുള്ള വിദേശ സേനകൾക്ക് രാജ്യം വിടാൻ സമയം നീട്ടി നൽകില്ലെന്ന് താലിബാൻ വ്യക്തമാക്കി. ബ്രിട്ടീഷ് വാർത്താ ചാനലായ സ്ക്കൈ ന്യൂസിനോട് സംസാരിക്കവെ താലിബാൻ വക്താക്കളിലൊരാളായ സുഹൈൽ ഷഹീൻ ദോഹയിൽ പറഞ്ഞതാണ് ഇക്കാര്യം. ഇനിയും വിദേശികൾ അഫ്​ഗാനിൽ നിൽക്കുന്നത് അനുചിതമാണെന്നും അവർ ഈ മാസം അവസാനത്തോടെ രാജ്യം വിടണമെന്നും അവർ പറഞ്ഞു.

അഫ്​ഗാൻ വിമാനത്താവളത്തിൽ ഇപ്പോഴും നല്ല തിരക്കാണ് ഉള്ളത്. പറഞ്ഞ സമയത്തിനകം ഒഴിപ്പിക്കൽ നടത്താൻ ആവുമെന്ന കാര്യത്തിൽ അമേരിക്ക ഉൾപ്പടെയുള്ളവർക്ക് സംശയമുണ്ട്. കൂടുതൽ യാത്ര വിമാനങ്ങൾ അമേരിക്ക അഫ്​ഗാനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ എയർ ലൈനിന്റേയും ഡെൽറ്റ എയർ ലൈനിന്റേയും വിമാനങ്ങൾ കാബൂളിലേക്ക് പുറപ്പെട്ടു.  ഇനിയും ഇരുപതിനായിരത്തിലധികം പേരെയാണ് ഒഴിപ്പിക്കാനുള്ളത്. 

അഫ്​ഗാനിസ്ഥാൻ സ്വദേശികളെ നാടുവിടാൻ നിലവിൽ താലിബാൻ സമ്മതിക്കുന്നില്ല. എന്നാൽ വിദേശത്തേക്ക് യാത്രരേഖകളും വിസയും ഉള്ളവർക്ക് രാജ്യം വിട്ടുപോകാൻ അവസരമുണ്ടെന്ന് താലിബാൻ പറഞ്ഞു. പക്ഷെ ഇതൊന്നും നടപ്പിലാക്കപ്പെട്ട് തുടങ്ങിയിട്ടില്ല.  ആ​ഗസ്റ്റ് മുപ്പത്തിയൊന്നിന് ശേഷം സ്വദേശികൾക്ക് നാട് വിട്ടുപോകാമെന്നാണ് താലിബാൻ പറയുന്നത്. 

നിലവിലെ ഒഴിപ്പിക്കലിന് രണ്ട് ഭീഷണികളാണ് അമേരിക്ക മുൻകൂട്ടി കാണുന്നത്. ഐഎസ് തീവ്രവാദികളുടെ ആക്രമണമാണ് ഒന്ന്. മറ്റൊന്ന് താലിബാൻ ഏതു നേരവും സ്വഭാവം മാറ്റാം എന്ന വിഷയവും. അതുകൊണ്ട് തന്നെ എത്രയും പെട്ടന്ന് ഒഴിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് അമേരിക്ക ആ​ഗ്രഹിക്കുന്നത്. 

അതേസമയം കാബൂൾ വിമാനത്താവളത്തിന് സമീപം ഇന്ന് വെടിവെപ്പുണ്ടായി. അഫ്​ഗാൻ സുരക്ഷ സേനയിലെ ഒരു ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടതായി ജർമ്മൻ സേന വക്താവ് അറിയിച്ചു