പി.എസ്.സി പട്ടികയുടെ കാലാവധി നീട്ടില്ല: മുഖ്യമന്ത്രി

കാലാവധി അവസാനിക്കുന്ന പിഎസ്സി റാങ്ക് പട്ടികകൾ നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു
 | 
പി.എസ്.സി പട്ടികയുടെ കാലാവധി നീട്ടില്ല: മുഖ്യമന്ത്രി

കാലാവധി അവസാനിക്കുന്ന പിഎസ്‌സി റാങ്ക് പട്ടികകൾ നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കോവിഡ് സമയമായിട്ടും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞ പട്ടികയാണ് ഇപ്പോൾ റദ്ദാക്കുന്നത്. റാങ്ക് ലിസ്റ്റ് നീട്ടണമെങ്കിൽ പ്രത്യേക നിബന്ധനകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മറ്റന്നാൾ കാലാവധി അവസാനിക്കുന്ന പട്ടികകളെപ്പറ്റിയാണ് മുഖ്യമന്ത്രി പറഞ്ഞത്.

റാങ്ക് പട്ടികകൾ നീട്ടണമെന്നത് സംബന്ധിച്ച അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ വിധി നിയമപരമായ വിഷയമാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. റാങ്ക് പട്ടികയിലെ എല്ലാവരേയും എടുക്കാൻ കഴിയില്ല. പരമാവധി നിയമനം പിഎസ്‌സി വഴി നടത്തുക എന്നതാണ് സർക്കാർ നയമെന്നും പ്രതിപക്ഷത്തിന്റേത് പിഎസ്‌സിയെ കളങ്കപ്പെടുത്താനുള്ള നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎസ്‌സി റാങ്ക് പട്ടിക നീട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സർക്കാർ ശ്രമിക്കുന്നത് അപ്രഖ്യാപിത നിയമന നിരോധനത്തിനാണെന്ന് പ്രതിപക്ഷം ആരോപിച്ചു