സഹകരണ മേഖലയെ തൊട്ടുകളിക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

 | 
pinarayi vijayan

സഹകരണ മേഖലയെ തൊട്ടുകളിക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരും ജനങ്ങളും അതിനെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മാറിമാറി വന്ന സർക്കാരുകൾ സഹകരണ മേഖലയുടെ സംരക്ഷണത്തിനായി ഒപ്പം നിന്നു. കോൺഗ്രസ് കേരളത്തിൽ അധികാരത്തിൽ ഇരുന്ന സമയത്താണ് സഹകരണ മേഖലയ്ക്ക് എതിരെ ഏറ്റവും കൂടുതൽ പ്രവർത്തനങ്ങൾ നടന്നത്. എന്നാൽ അന്ന് കേന്ദ്രം അത്തരമൊരു സമീപനം എടുത്തെങ്കിലും ഇവിടുത്തെ യുഡിഎഫ് സർക്കാർ അതിനൊപ്പം നിന്നില്ല. സഹകരണ മേഖലയുടെ സംരക്ഷണത്തിന് രാഷ്ട്രീയ വ്യത്യാസമുണ്ടായിരുന്നില്ലെന്നും ഇതാണ് കേരളത്തിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സഹകരണ മേഖലയ്ക്ക് എതിരെ ഇപ്പോൾ പല രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്ന് നേരത്തെയുള്ള കാര്യമാണ്. കേരളത്തിലെ ബാങ്കിങ് രംഗം ജനകീയമാക്കിയത് സഹകരണ മേഖലയാണ്. ഇപ്പോള്‍ കാണുന്ന വാണിജ്യബാങ്കുകളുടെ ഗ്രമീണ ശാഖകളുടെ അടിസ്ഥാനം സഹകരണ മേഖലയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ആര്‍ക്കും ഈ സഹകരണ മേഖലയെ തകര്‍ത്ത് കളയാമെന്ന വ്യമോഹം വേണ്ട. അത് ജനങ്ങളുടേതാണ്. ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി നിലനില‍ക്കുന്ന ഒന്നാണ്. ഏതെങ്കിലും തരത്തില്‍ ഈ മേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങൾ ഉണ്ടായാലും അതിനെ സംരക്ഷിക്കാൻ ജനങ്ങൾ മുന്നിലുണ്ടാകും. കേരള സർക്കാരും അതിന്റെ മുൻപന്തിയിലുണ്ടാകും. സഹകരണ മേഖലയെ തൊട്ടുകളിക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.