ഇനി സൗജന്യങ്ങള്‍ ഉണ്ടാവില്ല; മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ഇളവ് ഉള്‍പ്പെടെ പിന്‍വലിച്ച് റെയില്‍വേ
റെയില്‍വേയില്‍ നിലവിലുണ്ടായിരുന്ന ഇളവുകള്‍ പിന്‍വലിക്കുന്നു. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നല്‍കിയിരുന്ന യാത്രാ നിരക്കിലെ ഇളവ് ഉള്‍പ്പെടെയാണ് പിന്‍വലിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും യാത്രാനിരക്കില്‍ നേരത്തേയുണ്ടായിരുന്ന ഇളവുകള്‍ തിരികെ കൊണ്ടുവരേണ്ടതില്ലെന്നാണ് തീരുമാനം. മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം ലോക്‌സഭയില്‍ അറിയിച്ചത്.
ഭിന്നശേഷിക്കാര്‍, രോഗികള്‍ ഉള്‍പ്പടെ തെരഞ്ഞെടുത്ത നാല് വിഭാഗങ്ങളൊഴികെയുള്ളവരുടെ നിരക്കിളവുകളാണ് കോവിഡ് പ്രതിസന്ധിക്ക് ശേഷം സര്‍വീസുകള്‍ പുനരാരംഭി്ച്ചപ്പോള്‍ നിര്‍ത്തിവെച്ചിരുന്നത്. ഇവ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും നിലവിലെ സാമ്പത്തികസ്ഥിതിയില്‍ ഇളവുകള്‍ നല്‍കുന്നത് പ്രായോഗികമല്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
നാല് വിഭാഗത്തിലുള്ള വികലാംഗര്‍, പതിനൊന്ന് വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് യാത്രായിളവുകള്‍ തുടര്‍ന്നും ലഭിക്കും. നേരത്തേ 53 വിഭാഗങ്ങളില്‍ സൗജന്യങ്ങള്‍ അനുവദിച്ചിരുന്നു. മുതിര്‍ന്ന പൗരന്മാര്‍, പൊലീസ് മെഡല്‍ ജേതാക്കള്‍, ദേശീയ പുരസ്‌കാരം നേടിയ അധ്യാപകര്‍, യുദ്ധത്തില്‍ മരിച്ചവരുടെ വിധവകള്‍, പ്രദര്‍ശനമേളകള്‍ക്ക് പോകുന്ന കര്‍ഷകര്‍/കലാപ്രവര്‍ത്തകര്‍, കായികമേളകളില്‍ പങ്കെടുക്കുന്നവര്‍ തുടങ്ങിയവര്‍ക്കായിരുന്നു യാത്രാസൗജന്യം നല്‍കിയിരുന്നത്.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് എല്ലാ ക്ലാസുകളിലും സൗജന്യം നല്‍കിയിരുന്നു. മുതിര്‍ന്ന വനിതാ യാത്രക്കാര്‍ക്ക് 50 ശതമാനവും പുരുഷന്‍മാര്‍ക്ക് 40 ശതമാനവുമായിരുന്നു ഇളവ്. 60 വയസു കഴിഞ്ഞ പുരുഷന്‍മാര്‍ക്കും 58 വയസ് പൂര്‍ത്തിയായ സ്ത്രീകള്‍ക്കും ഇത് ലഭിച്ചിരുന്നു.