മതപരമായ ചടങ്ങുകള്‍ വേണ്ട, 'ചന്ദ്രകളഭം' കേള്‍ക്കണം, ദഹിപ്പിക്കണം; പി.ടി.തോമസിന്റെ അന്ത്യാഭിലാഷങ്ങള്‍

 | 
P T Thomas

സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ വേണ്ടെന്ന് പി.ടി.തോമസിന്റെ അന്ത്യാഭിലാഷം. പി.ടിയുടെ സുഹൃത്തായ ഡിജോ കാപ്പനാണ് അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ പുറത്തു വിട്ടത്. മൃതദേഹത്തില്‍ റീത്തുകളോ മറ്റ് ആഡംബരങ്ങളോ വെക്കരുത്. രവിപുരം ശ്മശാനത്തില്‍ ദഹിപ്പിക്കണം. സംസ്‌കാര സമയത്ത് വയലാര്‍ എഴുതിയ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണം. ചിതാഭസ്മത്തിന്റെ ഒരു ഭാഗം ഉപ്പുതോട് പള്ളിയില്‍ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണമെന്നും പി.ടി. പറഞ്ഞിരുന്നതായി ഡിജോ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു. വെല്ലൂരിലെ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് പി.ടി.തോമസ് മരിച്ചത്. അര്‍ബുദ ചികിത്സയ്ക്കായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃക്കാക്കര എംഎല്‍എയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്നു. രണ്ടാം തവണയാണ് അദ്ദേഹം തൃക്കാക്കരയില്‍ നിന്ന് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടത്.

മുന്‍പ് രണ്ടു തവണ തൊടുപുഴ മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയിട്ടുണ്ട്. ഒരു തവണ ഇടുക്കി പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ നിന്ന് എംപിയായി വിജയിച്ചിരുന്നു. പരിസ്ഥിതി വിഷയങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതിലൂടെ ശ്രദ്ധേയനായിരുന്നു.