കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവം; ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തു

 | 
Jayadeep

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ ഡ്രൈവര്‍ക്കെതിരെ കേസ്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് ഡ്രൈവര്‍ ജയദീപിന് എതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരിക്കുന്നത്. വെള്ളക്കെട്ടില്‍ ബസ് ഇറക്കിയതിലൂടെ കെഎസ്ആര്‍ടിസിക്ക് 5.30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് എഫ്‌ഐആറില്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ജയദീപ് ബസ് വെള്ളത്തില്‍ ഇറക്കിയത്.

വെള്ളം കയറി ഓഫായ ബസില്‍ നിന്ന് യാത്രക്കാരെ നാട്ടുകാര്‍ രക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ ജയദീപിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ പാലാ എംവിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നോട്ടീസും നല്‍കിയിരുന്നു. അപകടകരമായി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയതിനും യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയതിനുമായിരുന്നു സസ്‌പെന്‍ഷന്‍.

സസ്‌പെന്‍ഷന് ശേഷം ഫെയിസ്ബുക്കില്‍ രൂക്ഷ പ്രതികരണങ്ങളുമായി ജയദീപ് രംഗത്തെത്തിയിരുന്നു. ജയനാശാന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ താന്‍ യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തിന് കെഎസ്ആര്‍ടിസി നല്‍കിയ സമ്മാനം സസ്‌പെന്‍ഷനാണെന്നായിരുന്നു ഫെയിസ്ബുക്ക് വീഡിയോയില്‍ പറഞ്ഞത്.