ഇതൊന്നും വൈറലാകുമെന്ന് പ്രതീക്ഷിക്കുന്നില്ല; പുരുഷ എംപിമാര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി ശശി തരൂര്‍

 | 
Shashi Tharoor

വനിതാ എംപിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് എയറിലായ ശശി തരൂര്‍ പുതിയ സെല്‍ഫികളുമായി രംഗത്ത്. ഇത്തവണ വനിതാ എംപിമാര്‍ക്കൊപ്പം പുരുഷ എംപിമാരെയും അണിനിരത്തിയാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ഇതൊന്നും വൈറലാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല എന്ന ക്യാപ്ഷനുമായാണ് പുതിയ ചിത്രങ്ങള്‍ തരൂര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വനിതാ എംപിമാര്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫിക്കൊപ്പം നല്‍കിയ അടിക്കുറിപ്പ് വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ ചിത്രങ്ങള്‍. ചൊവ്വാഴ്ച രാവിലെ ലോക്‌സഭ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് എടുത്ത ചിത്രങ്ങളാണ് ഇവ. ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ ചിത്രത്തിലുണ്ട്. ലോക്‌സഭ ആകര്‍ഷണീയമായ ജോലിസ്ഥലമല്ലെന്ന് ആരുപറഞ്ഞു എന്നതായിരുന്നു തിങ്കളാഴ്ച പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ അടിക്കുറിപ്പ്.

പശ്ചിമ ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ എംപിമാരും നടിമാരുമായ മിമി ചക്രബോര്‍ത്തി, നുസ്രത്ത് ജഹാന്‍, തമിഴ്‌നാട്ടിലെ കരൂര്‍ മണ്ഡത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയും എഴുത്തുകാരിയുമായ ജ്യോതിമണി സെണ്ണിമലൈ, ഡിഎംകെ എംപിയും കവയിത്രിയുമായ തമിഴാച്ചി തങ്കപാണ്ഡ്യന്‍, പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യയുമായ പ്രണീത് കൗര്‍, ശരദ് പവാറിന്റെ മകളും മഹാരാഷ്ട്രയില്‍ നിന്നുള്ള എന്‍സിപി എംപിയുമായ സുപ്രിയ സുലെയുമാണ് തരൂരിനൊപ്പം ചിത്രത്തില്‍ പോസ് ചെയ്തിരിക്കുന്നത്. മിമി ചക്രബോര്‍ത്തിയാണ് ചിത്രം പകര്‍ത്തിയത്.

എന്നാല്‍ ട്വിറ്ററില്‍ ചിത്രം എത്തിയതിന് തൊട്ടുപിന്നാലെ അത് വിവാദമായി. വനിതാ എംപിമാരെ കാഴ്ചവസ്തുക്കളായി മാത്രം കാണുകയാണ് സമത്വത്തിന് വേണ്ടി വാദിക്കുന്നയാള്‍ എന്നു കരുതപ്പെടുന്ന തരൂര്‍ എന്ന് വിമര്‍ശനം ഉയര്‍ന്നു. തരൂരിന്റെ വാക്കുകളില്‍ ലിംഗവിവേചനം മുഴച്ചു നില്‍ക്കുകയാണെന്നും വിമര്‍ശനമുണ്ടായി. പിന്നാലെ സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ തരൂരിനെതിരെ പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇവയ്ക്ക് മറുപടിയായാണ് പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.