പി.ടി.തോമസിനൊപ്പം നില്‍ക്കാതിരുന്നത് ബാഹ്യസമ്മര്‍ദ്ദം മൂലം; തുറന്നു പറഞ്ഞ് ഉമ്മന്‍ചാണ്ടി

പി.ടി.തോമസിന് ഒപ്പം നിര്‍ക്കാന്‍ കഴിയാതിരുന്നത് ബാഹ്യസമ്മര്‍ദ്ദം മൂലമെന്ന് ഉമ്മന്‍ചാണ്ടി. ഗാഡ്ഗില്‍ വിഷയത്തിലായിരുന്നു പി.ടി.തോമസിന് കോണ്‍ഗ്രസില്‍ നിന്നു പോലും പിന്തുണ ലഭിക്കാതിരുന്നത്. പി.ടി.തോമസിന്റെ നിലപാടുകളായിരുന്നു ശരിയെന്നും ഉമ്മന്‍ചാണ്ടി കെ.എസ്.യു സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ പറഞ്ഞു.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ പി.ടി നിലപാടില്‍ ഉറച്ച് നിന്നു. അദ്ദേഹം എടുത്ത നിലപാടുകളായിരുന്നു ശരി. അന്ന് അദ്ദേഹത്തെ പിന്തുണയ്ക്കണം എന്നുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. ഉള്ളില്‍ ഒരു കാര്യം വെച്ച് മറ്റൊന്ന് പ്രവര്‍ത്തിക്കുന്ന സ്വഭാവം പി.ടി തോമസിന് ഇല്ലായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചതിന്റെ പേരില്‍ പി.ടി.തോമസിന് ഇടുക്കി പാര്‍ലമെന്റ് സീറ്റ് പോലും നിഷേധിക്കപ്പെട്ടിരുന്നു. എ ഗ്രൂപ്പിന് ആധിപത്യമുണ്ടായിരുന്ന ഇടുക്കിയില്‍ ഗ്രൂപ്പ് നേതാവായ പി.ടി.തോമസിനെതിരെ നേതാക്കള്‍ നിലപാടെടുത്തു. ഇതോടെ ഗ്രൂപ്പില്‍ നിന്ന് അദ്ദേഹം പിന്‍മാറുകയും ചെയ്തിരുന്നു.