'ഇപ്പോ ഒരു കാര്യം മനസിലായി, അതിന് വിവരമില്ല'; തിരുവനന്തപുരം മേയര്‍ക്കെതിരെ അധിക്ഷേപവുമായി വീണ്ടും മുരളീധരന്‍
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. മേയര്‍ക്ക് വിവരമില്ലെന്നാണ് പുതിയ പരാമര്‍ശം. തിരുവനന്തപുരത്ത് കഴിഞ്ഞയാഴ്ചയെത്തിയ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. ഈ വാര്‍ത്ത ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മുരളീധരന്റെ പരാമര്‍ശം.
'തിരുവനന്തപുരം മേയറെ വിമര്‍ശിച്ചതിന്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. ഇപ്പോ ഒരു കാര്യം മനസ്സിലായി... അതിന് വിവരമില്ല... രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാറും കൊണ്ട് അതിക്രമിച്ചു കേറാണ്. ആരെങ്കിലും ചെയ്യുമോ... രാഷ്ട്രപതിയുടേയോ പ്രധാനമന്ത്രിയുടെയോ വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ചു കയറിയാല്‍ സ്‌പോട്ടില്‍ വെടിവയ്ക്കുക എന്നതാണ് നയം. കീ....ന്ന് പറഞ്ഞ് ഹോണടിച്ച് അങ്ങ് കേറ്റുകയാണ്... അതിന് പിന്നെ ഠേ എന്നു പറഞ്ഞ് വെടിവച്ചാവും മറുപടി. ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാനുള്ള ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മില്‍ ഇല്ലേ...?' എന്നാണ് മുരളീധരന്റെ വാക്കുകള്‍.
വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് വരുന്നതിനിടെയാണ് മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കയറാന്‍ ശ്രമിച്ചത്. പതിനാല് വാഹനങ്ങളുള്ള കാരവാനിലെ എട്ടാമത്തെ വാഹനത്തിന് പിന്നിലേക്കാണ് മേയറുടെ വാഹനം കയറിയത്. സംഭവത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുന്‍പും ആര്യ രാജേന്ദ്രനെതിരെ പരാമര്‍ശം നടത്തി മുരളീധരന്‍ പുലിവാലു പിടിച്ചിട്ടുണ്ട്. മേയറെ കാണാന്‍ സൗന്ദര്യമൊക്കെയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് രണിപ്പാട്ടിനേക്കാള്‍ ഭയാനകമാണെന്നായിരുന്നു പ്രസ്താവന. മുരളീധരന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ പിന്നീട് പോലീസ് കേസെടുത്തിരുന്നു.