കന്യാസ്ത്രീ പീഡനക്കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടു

 | 
Franco Mulakkal

കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കോടതി. കോട്ടയം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജി.ഗോപകുമാറാണ് കേസില്‍ വിധി പറഞ്ഞത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലായിരുന്നു കേസ്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

2018 ജൂണിലായിരുന്നു കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് സെപ്റ്റംബര്‍ 21ന് ഫ്രാങ്കോ അറസ്റ്റിലായി. 25 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യം ലഭിച്ചു. പാലാ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ആരംഭിച്ച വിചാരണ പിന്നീട് കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഒന്നര വര്‍ഷം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി. പ്രോസിക്യൂഷന് വേണ്ടി ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും ഹാജരായി. കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരാണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായത്.

തടഞ്ഞുവെക്കല്‍, പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി ഏഴു വകുപ്പുകളാണ് ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയത്. 2000 പേജുള്ള കുറ്റപത്രത്തില്‍ 5 ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍, ഏഴ് മജിസ്‌ട്രേറ്റുമാര്‍ എന്നിവരുള്‍പ്പെടെ 89 സാക്ഷികളാണ് ഉണ്ടായിരുന്നത്. 10 പേര്‍ രഹസ്യ മൊഴി നല്‍കി. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെയുള്ളവരെ കേസില്‍ വിസ്തരിച്ചു.

കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് സമീപം കൊച്ചി വഞ്ചി സ്‌ക്വയറില്‍ നടത്തിയ സമരത്തിന് പിന്നാലെയാണ് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്. പിന്നീട് സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൌണ്‍സിലിന്‍റെ നേതൃത്വത്തിലായിരുന്നു നിയമ പോരാട്ടം തുടര്‍ന്നത്.