പ്രശസ്ത കായിക പരീശീലകൻ ഒ.എം നമ്പ്യാർ അന്തരിച്ചു

പി.ടി.ഉഷയുടെ കോച്ചെന്ന നിലയിലാണ് നമ്പ്യാര്‍ കൂടുതല്‍ പ്രശസ്തിയും അംഗീകാരവും നേടിയത്.  
 | 
om nambiar

കായിക പരിശീലകനും  പദ്മശ്രീ, ​ദ്രോണാചാര്യ പുരസ്ക്കാര ജേതാവുമായ ഒഎം നമ്പ്യാർ അന്തരിച്ചു. 89 വയസ്സായിരുന്നു. ദീർഘ നാളുകളായി രോ​ഗബാധിതനായി കിടപ്പിലായിരുന്നു. വടകര മണിയൂരിലെ വസതിയിലായിരുന്നു അന്ത്യം.ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവാണ്.

പി.ടി.ഉഷയുടെ കോച്ചെന്ന നിലയിലാണ് നമ്പ്യാര്‍ കൂടുതല്‍ പ്രശസ്തിയും അംഗീകാരവും നേടിയത്.  1984 ലോസ്ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ പി.ടി.ഉഷയുടെ കോച്ചായിരുന്നു. 1955ല്‍ വ്യോമസേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പ്യാര്‍ സര്‍വീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. എയര്‍ ഫോഴ്സില്‍ നിന്ന് പട്യാലയില്‍ എത്തി കോച്ചിങ് ഡിപ്ലോമ നേടിയ നമ്പ്യാര്‍ ജി.വി.രാജയുടെ ക്ഷണപ്രകാരമാണ് 1970 ല്‍ കേരള സ്പോര്‍ട്സ് കൗണ്‍സിലില്‍ കോച്ചായി ചേര്‍ന്നത്. 

പതിനാലര വര്‍ഷം ഉഷയെ നമ്പ്യാര്‍ പരിശീലിപ്പിച്ചു. ഇക്കാലയളവില്‍ രാജ്യാന്തര തലത്തില്‍ ഈ ഗുരുവും ശിഷ്യയും ഇന്ത്യന്‍ കായിക രംഗത്തിന് നല്‍കിയ സംഭാവനകള്‍ ഏറെയാണ്. രണ്ട് ഒളിംപിക്‌സ്, നാല് ഏഷ്യാഡ്, ഒരു വേള്‍ഡ് ചാംപ്യന്‍ഷിപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ പരിശീലകനായി പങ്കെടുത്തു. 2005ല്‍ ഹൈദരാബാദ് സെന്റ് സ്റ്റീഫന്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സീനിയര്‍ പരിശീലകനായും സേവനമനുഷ്ഠിച്ചു.