സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗം ബാധിച്ചവരുടെ എണ്ണം 107 ആയി

 | 
Omicron

സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി കോവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ 10 പേര്‍ക്കും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ 27 പേര്‍ക്കും രോഗം സ്ഥിരീകരിച്ചപ്പോള്‍ 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 107 ആയി ഉയര്‍ന്നു. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. 12 പേര്‍ക്ക് ജില്ലയില്‍ ഒമിക്രോണ്‍ ബാധ കണ്ടെത്തി. കൊല്ലത്ത് 10, തിരുവനന്തപുരത്ത് 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 2 വീതം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഒന്നു വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ ബാധിതരുടെ കണക്ക്.

ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെത്തിയ 41 പേര്‍ക്കും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ 52 പേര്‍ക്കും ഇതുവരെ ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് പുതിയ വകഭേദം ബാധിച്ചത്.