സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍

 | 
Omicron

കേരളത്തില്‍ 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളത്ത് എത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്ത് എത്തിയ മൂന്നു പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 24 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്.

യുകെയില്‍ നിന്നെത്തിയ രണ്ടു പേര്‍, ടാന്‍സാനിയയില്‍ നിന്നെത്തിയ യുവതി, 11 വയസുള്ള ആണ്‍കുട്ടി, ഘാന, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നെത്തിയ രണ്ട് യുവതികള്‍ എന്നിവര്‍ക്കാണ് എറണാകുളത്ത് രോഗം കണ്ടെത്തിയത്. ഡിസംബര്‍ 18, 19 തിയതികളിലായി എത്തിയ ഇവര്‍ക്ക് 6 പേര്‍ക്കും കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

നൈജീരിയയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. പത്താം തിയതി എത്തിയ ദമ്പതികളായ ഇവര്‍ക്ക് 17-ാം തിയതിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ മക്കള്‍ സമ്പര്‍ക്ക പട്ടികയിലാണ്. 18-ാം തിയതി യുകെയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ 51 കാരിയെ വിമാനത്താവളത്തിലെ പരിശോധനയില്‍ പൊസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ ജനിതക പരിശോധനയില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുകയായിരുന്നു.