ഒമിക്രോണ്‍ ഭീഷണി; രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി

 | 
Covid

രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി. ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണിയെത്തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ നീട്ടാന്‍ തീരുമാനം എടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. വിമാനത്താവളങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കണമെന്നും ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് പ്രതിനിധികളുടെ യോഗത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാജ്യസഭയില്‍ ഇക്കാര്യം പറഞ്ഞിരുന്നു.

ദക്ഷിണാഫ്രിക്കയിലാണ് കോവിഡ് വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ആദ്യം കണ്ടെത്തിയത്. പിന്നീട് 13 രാജ്യങ്ങളില്‍ ഇത് സ്ഥിരീകരിച്ചിരുന്നു. പുതിയ വകഭേദം അപകടകരമായേക്കാമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.