വരാനിരിക്കുന്നത് ഒമിക്രോണ്‍ വേലിയേറ്റം! മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍
ഒമിക്രോണ്‍ വേലിയേറ്റമാണ് വരാനിരിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇതിന്റെ പശ്ചാത്തലത്തില്‍ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള ടാര്‍ജെറ്റും അദ്ദേഹം പ്രഖ്യാപിച്ചു. ഡിസംബര്‍ അവസാനത്തോടെ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുകയണ് ലക്ഷ്യം.
ഒമിക്രോണ്‍ വകഭേദം കണ്ടെത്തുകയും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുകയും ചെയ്ത പശ്ചാത്തലത്തില്‍ യുകെയുടെ ആരോഗ്യ ഉപദേഷ്ടാക്കള്‍ കോവിഡ് അലര്‍ട്ട് ലെവല്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
രണ്ടും മൂന്നും ദിവസം കൂടുമ്പോള്‍ ഒമിക്രോണ്‍ കേസുകള്‍ ഇരട്ടിയാകുകയാണ്. അതിനാല്‍ വൈറസ് വകഭേദത്തെ എമര്‍ജന്‍സിയെന്നാണ് ജോണ്‍സണ്‍ വിശേഷിപ്പിച്ചത്. 3137 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ശനിയാഴ്ച ഇത് 1898 പേര്‍ മാത്രമായിരുന്നു. ഒരു ദിവസത്തിനുള്ളില്‍ 65 ശതമാനത്തിന്റെ വര്‍ദ്ധനവ്.
നമുക്കുണ്ടായിട്ടുള്ള മോശം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഈയൊരു സ്ഥിതിവിശേഷം എങ്ങനെയുണ്ടായെന്ന് മനസിലാക്കാന്‍ കഴിയുമെന്നും ജോണ്‍സണ്‍ പറഞ്ഞു. കഴിഞ്ഞ ക്രിസ്മസ് കാലത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ പഴികേട്ടയാളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി. ഇത്തവണ വേറിട്ട നിലപാടുമായാണ് ബോറിസ് ജോണ്‍സണ്‍ രംഗത്തെത്തിയിരിക്കുന്നത്.