ഓണാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. കരുതലോടെ ഓണം ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി

 | 
President and prime minister

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ട്വിറ്റർ പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. കർഷകരുടെ അശ്രാന്തമായ പ്രയത്നത്തെ ഉയർത്തിക്കാണിക്കുന്ന വിളവെടുപ്പിന്റെ ആഘോഷമാണ് ഓണമെന്നാണ് രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചത്. പ്രകൃതിയോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാണെന്നും എല്ലാ പൗരന്മാർക്കും പുരോഗതിയും സമൃദ്ധിയും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വിറ്ററിലൂടെ ആശംസകൾ നേർന്നു. മലയാളത്തിൽ ആയിരുന്നു ആശംസ. ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ നേരുന്നുവെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. ഏവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.


ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നത്.

" ഒരുമയുടെയും സ്നേഹത്തിൻ്റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീർത്തും പുതുവസ്ത്രങ്ങൾ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേൽക്കുകയാണ്. പ്രതിബന്ധങ്ങൾ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസ്സുകളിൽ പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നമ്മളിൽ നിറയ്ക്കട്ടെ. ഐക്യത്തോടെ നമ്മെ ചേർത്തു നിർത്തട്ടെ. സമത്വവും സമാധാനവും സാഹോദര്യവും ഉയർത്തിപ്പിടിച്ചു നല്ല നാളേകൾക്കായി നമുക്കൊരുമിച്ച് മുന്നേറാം. എല്ലാവർക്കും ഹൃദയപൂർവ്വം തിരുവോണ ദിനാശംസകൾ നേരുന്നു." മുഖ്യമന്ത്രി കുറിച്ചു. 

എല്ലാ വായനക്കാർക്കും ന്യൂസ് മൊമന്റ്‌സിന്റെ ഓണാശംസകൾ.