കോഴിക്കോട് കെട്ടിട നിര്‍മാണത്തിനിടെ സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

 | 
Slab
നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ചു

കോഴിക്കോട്: നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ചു. കോഴിക്കോട് പൊറ്റമ്മലിലാണ് സംഭവം. കെട്ടിടത്തില്‍ സ്ഥാപിക്കാന്‍ എത്തിച്ച സ്ലാബ് തകര്‍ന്നാണ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശി കാര്‍ത്തിക് (22) ആണ് മരിച്ചത്. തകര്‍ന്ന സ്ലാബ് മുറിച്ചാണ് കാര്‍ത്തിക്കിനെ പുറത്തെടുത്തത്.

കല്യാണ്‍ സില്‍ക്‌സിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഇത്. ക്രെയിനില്‍ സ്ലാബ് ഉയര്‍ത്ത് സ്ഥാപിക്കുന്നതിനിടെ തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജീവാനന്ദ്, ഗണേഷ്, തങ്കരാജ്, സലീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മൂന്നു പേരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുപ്പൂരില്‍ നിന്ന് കൊണ്ടുവന്ന ബീമും സ്ലാബും ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി ഫിറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഈ പ്രവൃത്തിയില്‍ സഹായിച്ച ജോലിക്കാരാണ് അപകടത്തില്‍ പെട്ടത്. തമിഴ്‌നാട് കമ്പനിക്കാണ് നിര്‍മാണച്ചുമതല. സംഭവത്തില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു.