മോന്‍സന്റെ 'പുരാവസ്തു'ക്കളില്‍ പഴക്കമുള്ളത് കുന്തവും നാണയങ്ങളും മാത്രം; ചെമ്പോല പുരാവസ്തുവല്ലെന്ന് റിപ്പോര്‍ട്ട്

 | 
Monson

മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തില്‍ പഴക്കമുള്ളത് കുന്തവും രണ്ട് നാണയങ്ങളും മാത്രമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ശബരിമല ചെമ്പോലയ്ക്ക് പുരാവസ്തു മൂല്യമില്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചെമ്പോലയ്ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നാണ് മോന്‍സണ്‍ പറഞ്ഞിരുന്നത്. എ.എസ്.ഐ ഡയറക്ടര്‍ നിയോഗിച്ച സമിതിയാണ് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ് കൈപ്പറ്റിയ വെള്ളിനാണയം എന്ന് മോന്‍സണ്‍ അവകാശപ്പെട്ട രണ്ട് വെള്ളി നാണയങ്ങള്‍ക്ക് പുരാവസ്തു മൂല്യമുണ്ടെന്നാണ് പരിശോധന നടത്തിയ അപ്പീല്‍ കമ്മിറ്റി വ്യക്തമാക്കിയത്. എതു കാലഘട്ടത്തിലെ നാണയങ്ങളാണ് ഇവയെന്ന് വ്യക്തമായി പറയാന്‍ കഴിയില്ലെങ്കിലും പുരാവസ്തു മൂല്യം ഇവയ്ക്കുണ്ടെന്നാണ് കണ്ടെത്തല്‍. 

ഇതിനൊപ്പം പരിശോധനയ്ക്ക് വിധേയമാക്കി മരപ്പിടിയുള്ള കുന്തമാണ് പുരാവസ്തു മൂല്യമുണ്ടെന്ന് കണ്ടെത്തിയത്. മോന്‍സന്റെ മ്യൂസിയത്തിലെ പത്ത് വസ്തുക്കളാണ് അപ്പീല്‍ കമ്മിറ്റി പരിശോധനയ്ക്ക് വിധേയമാക്കിയത്.