ഉമ്മന്‍ചാണ്ടി അങ്ങനെ പറയാന്‍ പാടില്ലായിരുന്നു; പ്രതികരണത്തില്‍ മനോവിഷമമെന്ന് സുധാകരന്‍

 | 
K Sudhakaran
ഡിസിസി പട്ടികയില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച ഉമ്മന്‍ചാണ്ടിയുടെ പ്രതികരണത്തില്‍ മനോവിഷമമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.

ഡിസിസി പട്ടികയില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച ഉമ്മന്‍ചാണ്ടിയുടെ പ്രതികരണത്തില്‍ മനോവിഷമമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഉമ്മന്‍ചാണ്ടി അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഉമ്മന്‍ചാണ്ടിയുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി താല്‍പര്യമുള്ളവരുടെ പേരും പറഞ്ഞു. അവര്‍ പട്ടികയിലുമുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ഗ്രൂപ്പുകാരെ മാത്രമാണ് പരിഗണിച്ചത്. അന്നൊക്കെ ആരോടാണ് ചര്‍ച്ച നടത്തിയതെന്നും സുധാകരന്‍ ചോദിച്ചു.

രമേശ് ചെന്നിത്തലയോടും ചര്‍ച്ച നടത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി എഴുതിയ ലിസ്റ്റ് തരാമെന്ന് പറഞ്ഞെങ്കിലും തന്നില്ല. ചര്‍ച്ച നടന്നില്ലെന്ന് പറയുന്നവര്‍ അവരുടെ കാലത്ത് എത്ര ചര്‍ച്ചകള്‍ നടത്തിയെന്നും സുധാകരന്‍ ചോദിച്ചു. ഡിസിസി അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ കേരളത്തില്‍ നടന്നിട്ടില്ലെന്ന ആരോപണമാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉന്നയിക്കുന്നത്. 

ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കില്‍ ഇത്രയും മോശമായ ഒരു അന്തരീക്ഷമുണ്ടാകുന്നത് ഒഴിവാക്കാമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നും അതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്.