ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച; മൃതദേഹം ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിക്കും

 | 
OOmmen Chandy

 
പുലര്‍ച്ചെ അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച. പുതുപ്പള്ളി വലിയപള്ളി സെമിത്തേരിയിലായിരിക്കും സംസ്‌കാരം. ബംഗളൂരുവില്‍ നിന്ന് മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് എത്തിക്കും. ബംഗളൂരു ഇന്ദിരാനഗറില്‍ കര്‍ണാടക മുന്‍ മന്ത്രി ടി ജോണിന്റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. പിന്നീട് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് എത്തിക്കും. 

തിരുവനന്തപുരത്ത് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് ഉള്ളപ്പോള്‍ സ്ഥിരമായി പോകാറുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ എത്തിക്കും. രാത്രിയോടെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസില്‍ എത്തിക്കും. 

ബുധനാഴ്ച രാവിലെ കോട്ടയത്തേക്ക് മൃതദേഹം കൊണ്ടുപോകും. വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വെക്കും. അതിനു ശേഷം വൈകിട്ട് പുതുപ്പള്ളിയിലെ വീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍. ഇന്ന് പുലര്‍ച്ചെ 4.25നായിരുന്നു ഉമ്മന്‍ ചാണ്ടി അന്തരിച്ചത്.